Blog Archive
Malayalam Blog Directory
http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs
About Me
Wednesday, 26 February 2020
മലമ്പനി
ഡോ : ടി. സുഗതൻ B.H.M.S, P.G.C.R
S H ഹോമിയോപ്പതിക് സ്പെഷ്യലിറ്റി ക്ലിനിക്
മേലെ മുക്ക്, പോത്തൻകോട്
ഫോൺ : 9544606151
കൊതുക് ജന്യ രോഗങ്ങൾ മനുഷ്യ ജീവിതം ദുസ്സഹമാക്കുന്ന ഒരാവസ്ഥയിലൂടെയാണ് നാമിപ്പോൾ കടന്നു പോയി കൊണ്ടിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനവും ഇടവിട്ടുള്ള നീണ്ട നാളത്തെ മഴക്കാലവും ഇടവിട്ടുള്ള മഴയും കൊതുക് വളരാൻ ഏറെ സഹായകമാകുന്നു.
കേരളത്തിന്റെ പരിസ്ഥിതി ഘടകങ്ങൾ കൊതുക് ജന്യ രോഗങ്ങൾ പെരുകാൻ വളരെ അനുകൂലമായ മറ്റൊരാവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു. റോഡരികിലും തൊടിയിലും, പറമ്പിലും, തോടുകൾ, കുളങ്ങൾ എന്തിനേറെ കടലിൽ പോലും അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, കൃഷിപ്പണി ചെയ്യാതെയും, സംരക്ഷിക്കപ്പെടാതെ കിടക്കുന്ന തൊടികളും പറമ്പുകളും, അലക്ഷ്യമായി വലിച്ചെറിഞ്ഞ ഖര മാലിന്യങ്ങളുമെല്ലാം കൊതുക് വളർച്ചയ്ക്ക് ആക്കം കൂട്ടുന്നു. പരിണിത ഫലമോ പലവിധ പകർച്ച വ്യാധികൾ ഒന്ന് മാറി ഒന്നു മാറി വിട്ടൊഴിയാതെ നമ്മെ പിന്തുടരുന്നു.
കഴിഞ്ഞ കുറെ വർഷങ്ങളായി കൊതുക് ജന്യ രോഗങ്ങളായ ജപ്പാൻ ജ്വരം, ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ, എലിപ്പനി മുതലായവ കേരളത്തിന്റെ ഒരു പ്രധാന ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു. അനേകം മനുഷ്യ ജീവനുകൾ ഇത്തരം പകർച്ച വ്യാധികൾ കവർന്നെടുക്കുകയും ചെയ്തിട്ടുണ്ട്.
ലോകത്താകമാനം 42 (ജനുസുകൾ ) വിഭാഗങ്ങളിലായി ഏകദേശം 3400 ഇനം കൊതുക് കൾ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ക്യുലക്സ്, അനോഫിലസ്, ഈഡിസ് മാൻസോണിയ എന്നീ വിഭാഗത്തിൽപ്പെടുന്ന കൊതുക് കളാണ് പ്രധാനമായും മനുഷ്യരിൽ രോഗം പരത്തുന്നത്.
ഇത്തരത്തിൽ കൊതുക് ജന്യ രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മലമ്പനി. മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ (Malaria). ചതുപ്പു പനി (Marsh Fever) എന്നും ഈ രോഗം അറിയപ്പെടുന്നു. ലോക രാജ്യങ്ങൾ ഭയക്കുന്ന പകർച്ച വ്യാധിയാണ് മലമ്പനി അഥവാ മലേറിയ. മരണ നിരക്ക് ദിവസങ്ങൾക്കുള്ളിൽ കുതിച്ചുയരുന്ന പകർച്ച വ്യാധി. ഇന്ത്യയിലെ സ്ഥിതിയും മറിച്ചല്ല. 2018 ൽ 518 കേസുകൾ അതിൽ തന്നെ അനേകം മരണവും വന്നു ഭവിച്ചു.
അനോഫിലിസ് ജെനുസ്സിൽ പെടുന്ന ചില ഇനം പെൺ കൊതുകുകളാണ് രോഗം പരത്തുന്നത്. മലമ്പനി നിർമാർജ്ജന പ്രവർത്തനത്തിൽ കേരളത്തിന് ഏറെ പുരോഗതി കൈവരിച്ചു കഴിഞ്ഞിരുന്നു എങ്കിലും കേരളത്തിന് പുറത്തു പോയി വരുന്നവരിലൂടെയും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജോലി തേടി വരുന്നവരിലൂടെയും മലമ്പനി വീണ്ടും കേരളത്തിൽ തിരിച്ചു വരുന്ന അവസ്ഥയാണ്.
രോഗ കാരണം
പ്ലാസ്മോഡിയം ജെനുസ്സിൽപ്പെട്ട അഞ്ചു സ്പീഷിസുകൾ ആണ് മലമ്പനി ഉണ്ടാക്കുന്നത്
1. പ്ലാസ്മോഡിയം ഫാൽസിപ്പാരം (Plasmodium falciparum) തലച്ചോറിനെ ബാധിക്കുന്ന ഏറ്റവും മാരകമായ മലമ്പനി (Cerebral malaria) ഉണ്ടാക്കുന്നു.
2. പ്ലാസ്മോഡിയം വിവാക്സ് (Plasmodium vivax ).
3. പ്ലാസ്മോഡിയം ഒവൈൽ (Plasmodium ovale .
4. പ്ലാസ്മോഡിയം മലേറിയ (Plasmodium malariae).
5. പ്ലാസ്മോഡിയം നോവേല്സി (Plasmodium knowlesi ). മക്കാകു (Macaques ) കുരങ്ങുകൾക്ക് മലമ്പനി ഉണ്ടാക്കുന്ന പ്ലാസ്മോടിയം നോവേല്സി മനുഷ്യരിലും മലമ്പനി ഉണ്ടാക്കാം.
സെറിബ്രൽ മലേറിയ എന്ന തരം മലേറിയ തലച്ചോറിൽ വീക്കമുണ്ടാക്കും (എൻസെഫലോപതി). പ്ലാസ്മോഡിയം ഫാൽസിപ്പാറം എന്നയിനം രോഗകാരിയാണ് ഇത്തരം അസുഖത്തിന്റെ കാരണം. കേന്ദ്ര നാഡീ വ്യൂഹവുമായി ബന്ധപ്പെട്ട രോഗ ലക്ഷണങ്ങൾ (അസ്വാഭാവികമായ രീതിയിൽ ശരീരം കാണപ്പെടുക, നിസ്റ്റാഗ്മസ്, കണ്ണുകൾ രണ്ടും ഒരേ ദിശയിൽ നീക്കാൻ കഴിയാതെ വരുക, ഒപിസ്തോടോണസ്, കോട്ടൽ, കോമ എന്നീ രോഗ ലക്ഷണങ്ങളും കാണപ്പെടാറുണ്ട്. തലച്ചോറിനെ ബാധിക്കുന്ന പ്ലാസ്മോടിയം ഫാൽസിപാരം മലമ്പനി രോഗ ബാധ, ഇപ്പോൾ കൂടുതലായി കാണപ്പെടുന്നു. തുടർച്ചയായി കാണുന്ന ഉയർന്ന പനിയാണ് ആദ്യ ലക്ഷണം. തലച്ചോറിനെ ബാധിക്കുന്ന പ്ലാസ്മോടിയം ഫാൽസിപാരം മലമ്പനി നേരത്തെ കണ്ടുപിടിച്ചു ചികിൽസിച്ചില്ലെങ്കിൽ മരണ കാരണമാകാം.
പ്ലാസ്മോഡിയം വൈവാക്സ്, പ്ലാസ്മോഡിയം ഒവേൽ എന്നീ തരം രോഗകാരികളിൽ രണ്ടു ദിവസം കൂടുമ്പോൾ ഇടവിട്ട് വരുന്ന പനി അതോടൊപ്പം വിറയൽ, വിയർപ്പ് എന്നിവ കാണപ്പെടുകയും ചെയ്യുന്നു. പ്ലാസ്മോഡിയം മലേറിയേ, പ്ലാസ്മോഡിയം ഫാൽസിപ്പാറം എന്നിവയിൽ 36–48 മണിക്കൂർ കൂടുമ്പോഴോ സ്ഥിരമായി നിൽക്കുന്നതോ ആയ പനിയാണ് കാണുന്നത്.
എന്നാൽ ചുവന്ന രക്താണുക്കളെ ആക്രമിക്കുന്ന പ്ലാസ്മോടിയം വൈവാക്സ് മൂലമുണ്ടാകുന്ന മലമ്പനിയുടെ രോഗ ലക്ഷണങ്ങൾ വ്യത്യസ്തമാണ് : ഉയർന്ന പനി , ദിവസേനയോ ഒന്നിടവിട്ട ദിവസങ്ങളിലോ മാത്രം കാണുന്നു. സാധാരണ ആയി ഇതിനു 3 അവസ്ഥ ഉണ്ടായിരിക്കും :
1. തണുത്ത അവസ്ഥ- രോഗിക്ക് വിറയലും നല്ല തണുപ്പും അനുഭവപ്പെടുന്നു.
2. ചൂടുള്ള അവസ്ഥ- രോഗിക്ക് ശരീരം പൊള്ളുന്ന അവസ്ഥ അനുഭവപ്പെടുന്നു, ഒപ്പം തലവേദനയും.
3. വിയർക്കുന്ന അവസ്ഥ - രോഗി അമിതമായി വിയർക്കുകയും തളരുകയും ചെയ്യന്നു.
സങ്കീർണത
ഫാൽസിപ്പാറം മലേറിയയിൽ ശ്വസന പ്രക്രീയ ബുദ്ധിമുട്ടുള്ളതാവുക എന്ന അവസ്ഥ 25 ശതമാനം മുതിർന്നവർക്കും 40 ശതമാനം കുട്ടികൾക്കും കാണപ്പെടാറുണ്ട്. മലേറിയയോടൊപ്പം എച്ച്.ഐ.വി. ബാധയുണ്ടെങ്കിൽ മരണ സാദ്ധ്യത കൂടുതലാണ്. ഗർഭിണികളിലെ മലേറിയ ബാധ മൂലം കുട്ടി ചാപിള്ളയാകാനും, ഭാരക്കുറവുള്ള കുട്ടിയെ പ്രസവിക്കാനും, ജനിച്ച് ഒരു വർഷത്തിനകം മരിക്കാനും കാരണമാകാറുണ്ട്.
മലമ്പനിയുടെ ചരിത്രം
ചരിത്ര രേഖകളിലെ ഏറ്റവും പുരാതന രോഗമാണ് മലമ്പനി. പതിനെട്ടാം നൂറ്റാണ്ടിൽ ഇറ്റലിക്കാരാണ് ചതുപ്പ് നിലങ്ങളിൽ നിന്നും ഉണ്ടാകുന്ന മലിനമായ വായു ( bad air : mal+air = Mal'aria )വുമായി ബന്ധപ്പെടുത്തി മലേറിയ എന്ന പേരു ഈ രോഗത്തിന് നൽകിയത്. 1880 ൽ, ലാവേരൻ (Laveran) എന്ന ഫ്രഞ്ച് പട്ടാള ഭിഷഗ്വരനാണ് ആഫ്രിക്കയിലെ അൽജിയേർസിൽ വച്ച് പ്ലാസ്മോഡിയം രോഗാണുവിനെ കണ്ടെത്തിയത്. അനോഫെലിസ് പെൺ കൊതുകുകളാണ് മലമ്പനി പകർത്തുന്നതെന്ന് കണ്ടുപിടിച്ചത് സർ റൊണാൾഡ് റോസ് (Sir Ronald rose) ആയിരുന്നു. 1897 ൽ, ഇന്ത്യയിലെ സെക്കന്ദരബാദിൽ വച്ചാണ് അനോഫെലിസ് സ്ടീഫൻസി (Anopheles stephensi) ഇനം പെൺ കൊതുകുകളുടെ ആമാശയ ഭിത്തിയിൽ നിന്നും പ്ലാസ്മോഡിയത്തിന്റെ ഊസിസ്ട്കളെ (Oocysts) അദ്ദേഹം കണ്ടെത്തിയത്. മലമ്പനി ബാധിതരെ കടിച്ച കൊതുകുകളെ പരിശോധിച്ചാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്.
മലമ്പനി നിർമാർജ്ജനം
1874ൽ ഡി. ഡി. ടി (D D T) സംശ്ലേഷിച്ചിരുന്നെങ്കിലും , 1939ൽ പാൾ മുള്ളർ (Paul Muller) എന്ന സ്വിസ് ശാസ്ത്രജ്ഞനാണ് അതിന്റെ കീട സംഹാര ഗുണങ്ങൾ തിരിച്ചറിഞ്ഞ് നോബൽ സമ്മാനം നേടിയത്. മലമ്പനി നിയന്ത്രണ ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിന് ഇതോടെ തുടക്കമായി. 1948 ൽ പമ്പാന (Pampana) മലമ്പനി നിർമാർജ്ജനം എന്ന ആശയം അവതരിപ്പിച്ചു. 1951 ൽ ലോകാരോഗ്യ സംഘടന ഏഷ്യയിൽ മലമ്പനി നിയന്ത്രണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. രോഗികളുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചത് വൻ വിജയമായി. ഇതിന്റെ വെളിച്ചത്തിൽ, 1955 ൽ മലമ്പനി നിർമാർജ്ജനം ഒരു സർവ ലോക ലക്ഷ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.
ഏഷ്യ, ആഫ്രിക്ക, അമേരിക്ക ഭൂഖണ്ഡങ്ങളിലെ ഭൂമദ്ധ്യ രേഖയോടടുത്തുള്ള രാജ്യങ്ങളിലാണ് കൂടുതലായി കണ്ടു വരുന്നത് . ലോകമെമ്പാടുമായി, പ്രതിവർഷം 35 കോടി മുതൽ 50 കോടി വരെ ആളുകൾക്ക് മലമ്പനി ബാധ ഉണ്ടാകുന്നു. മുപ്പതു ലക്ഷം പേരെങ്കിലും മരിക്കുന്നുമുണ്ട്. കുട്ടികളും ഗർഭിണികളും ആണ് കൂടുതലും മരണപ്പെടുന്നത്. ആഫ്രിക്കയിലെ സഹാറ മരുഭൂമിയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലാണ് 90 ശതമാനം മരണങ്ങളും നടന്നിട്ടുള്ളത്. മലമ്പനിയും ദാരിദ്ര്യവും പരസ്പര പൂരകങ്ങളാണ്, ദാരിദ്ര്യത്തിനുള്ള ഒരു പ്രധാന കാരണവും, സാമ്പത്തിക വികസനത്തിനുള്ള തടസ്സവും മലമ്പനിയാണ്.
രോഗ ലക്ഷണങ്ങൾ
ശക്തിയായ പനി, വിറയൽ, തലവേദന , ഓർക്കാനം, ഛർദി, വിളറിയ-മഞ്ഞിച്ച തൊലിപ്പുറം, സന്ധി വേദന, വിളർച്ച, മൂത്രത്തിന്റെ നിറം മാറ്റം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗ ബാധയുണ്ടായി 8 മുതൽ 25 ദിവസങ്ങൾക്കു ശേഷമാണ് രോഗ ലക്ഷണങ്ങൾ സാധാരണ ഗതിയിൽ കാണപ്പെട്ടു തുടങ്ങുന്നത്. രോഗ പ്രതിരോധത്തിനായി ആന്റി മലേറിയൽ മരുന്നുകൾ കഴിക്കുന്നവരിൽ രോഗ ലക്ഷണങ്ങൾ താമസിച്ചു കാണപ്പെട്ടേയ്ക്കാം. എല്ലാ മലേറിയ രോഗകാരികൾക്കും ആദ്യ രോഗലക്ഷണങ്ങൾ ഒരു പോലെയാണ്. ഫ്ലൂ മാതിരിയുള്ള ലക്ഷണങ്ങളാണ് ആദ്യം കാണപ്പെടുന്നത്. രക്തത്തിലെ അണുബാധ, ഗ്യാസ്ട്രോ എന്ററൈറ്റിസ്, വൈറൽ രോഗങ്ങൾ എന്നിവയോടും രോഗ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. തലവേദന, പനി, വിറയൽ, സന്ധിവേദന, ഛർദ്ദി, ഹീമോലിറ്റിക് അനീമിയ, മഞ്ഞപ്പിത്തം, ഹീമോഗ്ലോബിന്യൂറിയ, റെറ്റിനയ്ക്ക് തകരാറു സംഭവിക്കുക, കോട്ടൽ എന്നീ രോഗ ലക്ഷണങ്ങൾ കാണപ്പെടാറുണ്ട്. 30 ശതമാനം ആൾക്കാർക്കും ആശുപത്രിയിലെത്തുമ്പോൾ പനി കാണാറില്ല എന്നതും ശ്രദ്ധിക്കണം.
സാധാരണയായി മലമ്പനി കാണപ്പെടാത്ത മേഖലകളിൽ രോഗ ലക്ഷണങ്ങളുടെ അവ്യക്തത കാരണം മലമ്പനി തിരിച്ചറിയാൻ സാധിക്കാറില്ല. അടുത്ത കാലത്ത് ദൂര യാത്ര നടത്തിയ വിവരം, പ്ലീഹയുടെ വലിപ്പം വർദ്ധിക്കൽ, കാരണമറിയാത്ത പനി, ത്രോംബോ സൈറ്റോപീനിയ, ബിലിറൂബിന്റെ വർദ്ധന, ശ്വേത രക്താണുക്കളുടെ എണ്ണത്തിലെ വർദ്ധന എന്നിവ രോഗ നിർണ്ണയത്തെ സഹായിക്കും.
രോഗ പകർച്ച
അനോഫലീസ് ജനുസ്സിൽപ്പെട്ട ചില ഇനം പെൺ കൊതുകുകൾ ആണ് മലമ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പരത്തുന്നത്. ഇന്ത്യയിൽ അറുപതിലധികം ഇനം (species ) അനോഫലീസ് കൊതുകുകൾ ഉണ്ടെങ്കിലും, പത്തോളം ഇനങ്ങൾ മാത്രമാണ് രോഗം പരത്താൻ കഴിവുള്ളവ. അനോഫെലീസ് സ്ടീഫന്സി, അനോഫലീസ് കൂലിസിഫാസിസ് എന്നീ രണ്ടിനങ്ങൾ ആണ് മുഖ്യ രോഗ വാഹക കീടങ്ങൾ (Primary vectors ). അനോഫലീസ് സ്ടീഫന്സി ആണ് കേരളത്തിൽ ഉൾപ്പെടെ ഉള്ള ഇന്ത്യൻ നഗരങ്ങളിൽ മലമ്പനി വ്യാപിപ്പിക്കുന്നത്. അനോഫലീസ് പെൺ കൊതുകുകൾ രക്തം കുടിച്ചു രണ്ടു മൂന്നു ദിവസങ്ങൾക്കു ശേഷം ശുദ്ധ ജലത്തിൽ മുട്ടകൾ ഇടുന്നു. ഒന്നോ രണ്ട ദിവസത്തിന് ശേഷം, മുട്ട വിരിഞ്ഞു പുറത്തു വരുന്ന കൂത്താടികൾ (ലാർവ), അഞ്ചിൽപ്പരം ദിവസങ്ങളിലൂടെ, നാല് ദശകൾ പിന്നിട്ടു സമാധി ദശ (Pupa ) പ്രാപിക്കുന്നു. രണ്ടു ദിവസത്തിനകം, പൂർണ വളർച്ച എത്തിയ കൊതുകുകൾ സമാധി ദശ പൊട്ടി പുറത്തേക്ക് പറന്നുയരുന്നു. താരതമ്യേന ഉയർന്ന താപ നിലയും, അന്തരീക്ഷ ഈർപ്പാവസ്ഥയും, ഇടവിട്ടുള്ള മഴയും കൊതുക് കളുടെ വംശ വർധനയ്ക്ക് ഏറ്റവും അനുയോജ്യമാണ്.
ചികിത്സ
മുൻകൂട്ടി രോഗം കണ്ടുപിടിച്ചു ചികിത്സിച്ചാൽ പൂർണമായും ഭേദം ആക്കാൻ കഴിയും. മറ്റുള്ളവർക്ക് മലമ്പനി ഉണ്ടാവുകയും ഇല്ല. മലമ്പനി ബാധ കണ്ടുപിടിക്കാനായി പനി ബാധിച്ചവരുടെ രക്ത-സ്മീയർ പരിശോധന നടത്തിയാൽ മതി. രക്ത-സ്മീയർ ലബോറട്ടറി പരിശോധന നടത്തി രോഗം മലമ്പനി ആണെന്ന് ഉറപ്പായാൽ അവർക്ക് സമ്പൂർണ ചികിത്സ വേണ്ടി വരും.
ജർമ്മൻ ഭിഷഗ്വരനായ സാമുവൽ ഹാനിമാൻ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം രൂപപ്പെടുത്തിയ ഒരു ചികിൽസാ സമ്പ്രദായമാണ് ഹോമിയോപ്പതി (Homeopathy). ഗ്രീക്ക് ഭാഷയിലെ Homoios (ഒരു പോലെയുള്ള), Pathos (അസുഖം) എന്നീ വാക്കുകൾ ചേർന്നാണ് ഹോമിയോപ്പതി എന്ന പദമുണ്ടായിരിക്കുന്നത്.
ഇരുനൂറ് വർഷങ്ങൾക്കു മുമ്പ് നിലവിലുണ്ടായിരുന്ന പ്രാകൃത ചികിത്സാ രീതികളിൽ നിന്ന് വിഭിന്നമായ ഒരു മാർഗ്ഗം രൂപപ്പെടുത്തിയെടുക്കാനുള്ള ജർമൻ ഭിഷഗ്വരനായ സാമുവൽ ഹാനിമാന്റെ (1755-1843) ശ്രമ ഫലമായാണ് ഹോമിയോപ്പതി രൂപം കൊണ്ടത്.
സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു (Like Cures Like ) ജർമ്മൻ : Similia Similibus Curantur) എന്ന വാദമാണ് ഹോമിയോപ്പതിയുടെ അടിസ്ഥാന തത്ത്വമായി ഹനിമാൻ സ്വീകരിച്ചത്. ആരോഗ്യവാനായ ഒരാളുടെ ശരീരത്തിൽ അസുഖ ലക്ഷണങ്ങൾ ഉണ്ടാക്കാൻ പോന്ന വസ്തുക്കൾ അതേ രോഗ ലക്ഷണങ്ങൾ കാണിക്കുന്ന രോഗിയെ സുഖപ്പെടുത്തുന്നു എന്നതാണ് ഇതിന്റെ അടിത്തറ.
അക്കാലത്ത് മലേറിയയുടെ ചികിൽസക്കായി ഉപയോഗിച്ചിരുന്ന സിങ്കോണ മരത്തിന്റെ തടി കഴിച്ച ഹാനിമാനിൽ മലേറിയയുടെത് പോലെയുള്ള പനി, വിറയൽ, സന്ധിവേദന എന്നീ രോഗ ലക്ഷണങ്ങൾ പ്രകടമായി. ഒരു രോഗത്തിനുള്ള ഫലപ്രദമായ മരുന്ന്, ആരോഗ്യവാനായ ഒരു വ്യക്തി കഴിക്കുകയാണെങ്കിൽ, ആ രോഗത്തിനു സമാനമായ ലക്ഷണങ്ങൾ അയാളിൽ അതുണ്ടാക്കുമെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു. ഇതാണ് ഹോമിയോപ്പതിയുടെ പ്രസിദ്ധമായ സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു (ഇംഗ്ലീഷ്: Like Cures Like ജർമ്മൻ : Similia Similibus Curantur) എന്ന സിദ്ധാന്തത്തിന് അടിസ്ഥാനം.
പത്തൊൻപതാം നൂറ്റാണ്ടിൽ ബംഗാളിന്റെ തീരത്ത് കോളറ പടർന്നു പിടിച്ചപ്പോൾ ജർമ്മൻ മിഷനറിമാർ നടത്തിയ രക്ഷാ പ്രവർത്തനങ്ങളിലൂടെയാണ് ഇന്ത്യയിൽ ഹോമിയോപ്പതി ചികിത്സയുടെ തുടക്കം.
കൊതുക് നിയന്ത്രണ മാർഗങ്ങൾ
കൊതുകിന്റെ ഉറവിട നശീകരണമാണ് ഇവയിൽ പ്രധാനം. കൊതുകുകൾ മുട്ടയിട്ട് വളരുന്ന സ്ഥലങ്ങളായ ചിരട്ട, ടയർ, കുപ്പി ഉരകല്ല്, ഉപയോഗ ശൂന്യമായ പാത്രങ്ങൾ, ടാർപോളിൻ, പ്ലാസ്റ്റിക് ഷീറ്റുകൾ, വെള്ളം കെട്ടി നിൽക്കാവുന്ന മറ്റു സാധനങ്ങൾ, തുടങ്ങിയവ ശരിയായ രീതിയിൽ സംസ്കരിക്കുക. അല്ലെങ്കിൽ വെള്ളം വീഴാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുക.
ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടികളിൽ വയ്ക്കുന്ന പാത്രം, പൂക്കൾ, ചെടികൾ ഇവ ഇട്ട് വയ്ക്കുന്ന പാത്രം, ടെറസ്, സൺഷെഡ്, ടാങ്ക് മുതലായവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കൽ ഊറ്റി കളയുക.
ടാങ്കുകളും, പാത്രങ്ങളും കൊതുക് കടക്കാത്ത വിധം മൂടി വയ്ക്കുക. ഇതിനായി അടപ്പുകളോ കൊതുക് വലയോ അല്ലെങ്കിൽ സാധാരണ തുണിയോ ഉപയോഗിക്കാം. ഇവ ആഴ്ചയിൽ ഒരിക്കൽ കഴുകി വൃത്തിയാക്കുക. സെപ്റ്റിക് ടാങ്കിന്റെ വെന്റ് പൈപ്പിന്റെ അഗ്രം കൊതുക് വല കൊണ്ട് കെട്ടുക. സ്ലാബിനടിയിലെ വിടവുകൾ സുഷിരങ്ങൾ എന്നിവ സിമന്റ് കൊണ്ട് അടയ്ക്കുക. വീടിന്റെ പരിസരത്തെ കുഴികൾ മണ്ണിട്ട് മൂടുക. ഓടകളിലും ചാലുകളിലും വെള്ളം കെട്ടി നിൽക്കാതെ നോക്കുക. ചപ്പ് ചവറുകൾ കാലാകാലങ്ങളിൽ നീക്കം ചെയ്യുക.
മണ്ണെണ്ണ കരി ഓയിൽ ഡീസൽ മുതലായവ കൂത്താടി നശീകരണത്തിനായി കെട്ടി നിൽക്കുന്ന വെള്ളത്തിൽ തളിക്കാം. വേപ്പിൻ പിണ്ണാക്ക് കൂത്താടി നശീകരണത്തിനായി ഉപയോഗിക്കാം.
കൊതുക് കടി ഏൽക്കാതിരിക്കാൻ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയാണ് ഏറ്റവും പ്രധാനം. ഇതിനായി കൊതുക് വലയ്ക്കുള്ളിൽ ഉറങ്ങുന്നത് ശീലമാക്കുക. ശരീരം നന്നായി മൂടിയിരിക്കുന്ന വസ്ത്രങ്ങൾ ഉപയോഗിക്കുക. വീടിന്റെ ജനൽ വാതിൽ, വെന്റിലേറ്റർ മുതലായവയിൽ കൊതുക് കടക്കാതെ വല ഘടിപ്പിക്കുക.
00000000000
Subscribe to:
Post Comments (Atom)

No comments:
Post a Comment