DrSugathan
Blog Archive
Malayalam Blog Directory
http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs
About Me
Wednesday, 4 January 2023
കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്
ഡോ ടി സുഗതൻ വർക്കല
9446703924
വൃക്കകൾ( KIdney) , യൂറീറ്റർ നാളികൾ ( Ureter ) മൂത്രാശയ( Urinary Bladder ) ത്തെയും ബാധിക്കുന്ന ഒന്നാണ് മൂത്രത്തിൽ കല്ല്, കിഡ്നി സ്റ്റോൺ എന്നൊക്കെ ഒരേ പേരിൽ പറയുന്ന കല്ലിന്റെ അസുഖം. ഏതാണ്ട് പത്തു മുതൽ ഇരുപത്തിയഞ്ച് ശതമാനത്തോളം ജനങ്ങളിൽ രോഗം കണ്ടു വരുന്നു. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരിലും മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് വളരെ കൂടുതലാണ്. ജനിതക പാരമ്പര്യ കാരണങ്ങളാൽ
പകർന്നു കിട്ടാൻ സാധ്യതയുള്ളതായി പഠനങ്ങൾ തെളിയിക്കുന്നു. ജീവിത ശൈലികളിൽ വന്ന മാറ്റത്തിന്റെ ഭാഗമായി കൊച്ചു കുട്ടികളിൽ വരെ ഇന്ന് രോഗം കണ്ടു വരുന്നു.
മൂത്രത്തിൽ കല്ല് പലരേയും അലട്ടുന്ന പ്രശ്നമാണ്. കിഡ്നി സ്റ്റോൺ കൂടുതലും പുരുഷന്മാരെ അലട്ടുന്ന ഒന്നാണ്. കാൽസ്യം ഓക്സലേറ്റ് പോലുള്ളവ അടിഞ്ഞു കൂടിയുണ്ടാകുന്ന പ്രശ്നമാണിത്. തുടക്കത്തിൽ അലിയിച്ചു കളയാമെങ്കിലും കൂടുതലായാൽ ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമാണ്. വൃക്കയിലോ മൂത്ര വാഹിനിയിലോ മൂത്ര സഞ്ചിയിലോ ഇത്തരത്തിലുള്ള കല്ലുകൾ കാണപ്പെടുന്നു.
വൃക്കയിലെ കല്ലുകളെ ശാസ്ത്രീയമായി നെഫ്രോലിത്തിയാസിസ് എന്നും മൂത്രാശയ ഭാഗത്തെ കല്ലുകളെ യുറോലിത്തിയാസിസ് എന്നും വിളിക്കുന്നു.
വേനൽ കാലത്താണ് പലപ്പോഴും കിഡ്നി സ്റ്റോൺ ശക്തി പ്രാപിക്കുന്നത്. എന്നാൽ വേനൽ കാലം മാത്രമല്ല വെള്ളം കുടിച്ചില്ലെങ്കിൽ ഏത് കാലാവസ്ഥയിലും കിഡ്നി സ്റ്റോൺ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ശരീരത്തിലെ ചില തരം ധാതുക്കൾ മൂത്രത്തിൽ അടിഞ്ഞു കൂടുമ്പോൾ ആണ് വൃക്കയ്ക്കുള്ളിൽ ഇത്തരം കല്ലുകൾ രൂപം കൊള്ളുന്നത്. കാൽസ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. ഇവ സാധാരണയായി കട്ടി കൂടുതൽ ഉള്ളവയാണ്. നിർജ്ജലീകരണം, അമിതവണ്ണം എന്നിവയാണ് വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിന്റെ രണ്ട് പ്രധാന കാരണങ്ങൾ. ശരീരത്തിൽ മതിയായ ജലാംശം ഇല്ലാതെ വരുമ്പോൾ, മൂത്രം കൂടുതൽ സാന്ദ്രമാവുകയും ചില ധാതുക്കളുടെ അളവ് വർദ്ധിക്കുകയും, അത് പിന്നീട് വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.
വൃക്കയിൽ കല്ലുള്ള ആളുകൾ ഒരു ദിവസം 10 മുതൽ 15 ഗ്ലാസ് വെള്ളം വരെ കുടിക്കണം. ധാരാളം വെള്ളം കുടിക്കുക വഴി നമ്മൾ കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിലെ വിഷാംശമുള്ള വസ്തുക്കൾ വൃക്കകൾക്ക് കൂടുതൽ ദോഷം ചെയ്തു തുടങ്ങുന്നതിന് മുൻപ് മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കും. കാൽസ്യം ഓക്സലേറ്റ് പോലുള്ളവ അടിഞ്ഞു കൂടിയുണ്ടാകുന്ന പ്രശ്നങ്ങൾ തുടക്കത്തിൽ അലിയിച്ചു കളയാമെങ്കിലും കൂടുതലായാൽ ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നായി മാറും.
വൃക്കയിലെ കല്ലുണ്ടാകുന്നതിന്റെ ലക്ഷണങ്ങൾ പല ആളുകൾക്കും പല രീതിയിലാണ് അനുഭവപ്പെടുന്നത്. എങ്കിലും പ്രധാന ലക്ഷണങ്ങൾ അവഗണിക്കരുത്.
കിഡ്നി സ്റ്റോൺ ഉള്ളവരിൽ കാണുന്ന ആദ്യ ലക്ഷണം അടിവയറ്റിൽ പെട്ടെന്നുള്ള തീവ്രമായ വേദനയാണ്. കൃത്യമായി പറഞ്ഞാൽ പിന്നിൽ നിന്ന് ഇടുപ്പിന്റെ ഭാഗത്ത് കൂടി അസഹനീയമായ വേദന അര മണിക്കൂർ ഇടവേളകളിൽ വരാം. എന്നാൽ ഈ വേദന മറ്റ് പല രോഗവസ്ഥകൾ മൂലമാണ് എന്ന് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഏറെയാണ്.
പുറത്തും, വാരിയെല്ലുകൾക്ക് താഴെയും, വയറിന്റെ വശങ്ങളിലുമായി കടുത്ത വേദന ഉണ്ടാകുന്നു. വൃക്കയിലെ കല്ലുകളുടെ വലുപ്പം കൂടുതൽ ആണെങ്കിൽ ഇത് ബാധിച്ചിരിക്കുന്ന ഭാഗങ്ങളിൽ നീർക്കെട്ടും ഉണ്ടാകുന്നതാണ്.
ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ. എന്നാൽ ഈ ലക്ഷണം അനുഭവപ്പെടുന്ന മിക്കവാറും പേരും ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള മടി കാരണം പിടിച്ച് നിർത്തുന്നതായി കാണാറുണ്ട്. ഇത് കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് നയിക്കും. മൂത്രമൊഴിക്കുമ്പോൾ വേദനയോ പുകച്ചിലോ അനുഭവപ്പെടുക. ഇത് പലപ്പോഴും മൂത്രനാളിയിലെ അണുബാധ (യു.റ്റി.ഐ) ആണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മൂത്രത്തിന്റെ നിറം മാറുക എന്നതും ഒരു പ്രധാന ലക്ഷണമാണ്. മൂത്രത്തിൽ രക്തം കാണപ്പെടുന്നത് വൃക്കയിൽ കല്ലുണ്ട് എന്നതിന്റെ മറ്റൊരു ലക്ഷണമാണ്. മൂത്രത്തിന് ചുവപ്പ്, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറത്തിലുള്ള വ്യത്യാസം കാണപ്പെടുകയാണ് എങ്കിൽ, സ്വയം ചികിത്സ നടത്താതെ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
അടി വയറ്റിലെ കടുത്ത വേദന പോലെ തന്നെ തലകറക്കവും, ഓക്കാനം, ഛർദ്ദി, പനി, കുളിര് എന്നിവയും കണ്ടു വരുന്നു. വൃക്കകൾക്കുള്ളിൽ ഇരിക്കുന്ന കല്ലും മൂത്രനാളത്തിനുള്ളിൽ എത്തിയ കല്ലും സാധാരണ നിലയിൽ വേദന ഉണ്ടാക്കുകയില്ല. മൂത്രാശയത്തിലെ കല്ല് ചിലപ്പോൾ മൂത്രത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തി എന്ന് വരാം.
വൃക്കയിലെ കല്ലുകളുടെ വലുപ്പം പല തരത്തിലായിരിക്കും. മാത്രമല്ല, അവയ്ക്ക് മൂത്രനാളിയിലെ മറ്റ് ഭാഗങ്ങളിലേക്ക് കടക്കുവാൻ സാധിക്കുകയും ചെയ്യുന്നു. മിക്കപ്പോഴും, കല്ലുകൾ മൂത്രനാളിയിലൂടെ സ്വയം പുറത്തേക്ക് കടന്നു പോകാറുണ്ട്. എന്നാൽ, ഈ കല്ലുകളുടെ വലുപ്പം മൂത്രനാളിയിലൂടെ കടക്കുന്നതിനെക്കാൾ വലുപ്പമേറിയതാണ് എങ്കിൽ, ഇവയെ പുറത്തെത്തിക്കുവാൻ ശസ്ത്രക്രിയയുടെ സഹായം ആവശ്യമായി വരുന്നതാണ്.
സ്വയം ചികിത്സ ഈ രോഗത്തിന് വളരെയധികം ദൂഷ്യ ഫലങ്ങൾ ഉണ്ടാക്കും. അനാവശ്യമായി നമ്മൾ കഴിക്കുന്ന വേദന സംഹാരികൾ പലതും വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കാൻ കഴിയുന്നതാണ്. ചെറിയ കല്ലുകൾ മൂത്രനാളിയിലൂടെ സ്വയം പുറത്തേക്ക് പോകുന്നു. കല്ലിന്റെ സ്ഥാനം, ഘടന, വലിപ്പം എന്നിവ അനുസരിച്ച് ചികിത്സ വ്യത്യാസപ്പെടാം.
ചിട്ടയായ ഭക്ഷണ രീതിയും ജീവിത ക്രമവും മരുന്നുകളും തുടർ പരിശോധനകളും ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കുന്നത് കല്ലുണ്ടാവുന്നതിനുള്ള സാധ്യത കുറയ്ക്കും. നമ്മൾ കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ കല്ലുണ്ടാകാൻ സഹായിക്കുന്ന ഘടകങ്ങൾ ഉള്ളതിനാൽ ഭക്ഷണ നിയന്ത്രണം ആവശ്യമാണ്. രോഗികൾ തക്കാളി , ക്യാബേജ് തുടങ്ങിയവ ഒഴിവാക്കണം.
നമ്മുടെ ജീവിത ശൈലിയിൽ ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന് വന്ന സ്ഥാനം, ആഹാര രീതിയിൽ വന്ന മാറ്റങ്ങൾ ഇവയൊക്കെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ദിവസവും 10 മുതൽ 15 ഗ്ലാസ്സ് വെള്ളം കുടിക്കുക. ഭക്ഷണത്തിൽ വേണ്ടത്ര നാരുകളും ജലാംശവും ഉണ്ടായിരിക്കണം. സസ്യ ഭക്ഷണത്തിന് പ്രാധാന്യം നൽകുക. നാരുകൾ അടങ്ങിയ ധാന്യങ്ങൾ, പയറു വർഗ്ഗങ്ങൾ, കിഴങ്ങ് വർഗങ്ങൾ, പഴങ്ങൾ, പച്ചക്കറി, ഇലക്കറികൾ തുടങ്ങി നാരുകൾ ധാരാളമുള്ള വയറിന് ഹിതകരമായ ഭക്ഷണം കഴിക്കുക. വറുത്തതും പൊരിച്ചതുമായ ഫാസ്റ്റ് ഫുഡ് ആഹാര രീതി നിയന്ത്രിക്കുക.
അമിത മദ്യപാനം, ബിയർ ഉപയോഗം, മൃഗ ക്കൊഴുപ്പ്, ബീഫ്, പോർക്ക്, മട്ടൺ, എന്നിവയുടെ ഉപയോഗം ഇവയെല്ലാം രോഗ സാധ്യത വർദ്ധിപ്പിക്കും. ക്രിത്രിമ നിറവും മണവുമുള്ള ബേക്കറി സാധനങ്ങൾ ഒഴിവാക്കുക. അമിത എരിവ്, പുളി, ഉപ്പ്, എന്നിവ കുറയ്ക്കണം. അച്ചാറുകൾ പരമാവധി ഉപയോഗിക്കരുത്.
വിഷാംശമുള്ള വസ്തുക്കൾ വൃക്കകൾക്ക് കൂടുതൽ ദോഷം ചെയ്തു തുടങ്ങുന്നതിന് മുൻപ് തന്നെ ജലം ഇവയെ പുറം തള്ളുന്നു. അതു കൊണ്ട് തന്നെ നിത്യേന 15 ഗ്ലാസിൽ കൂടുതൽ വെള്ളം കുടിക്കണം. ഇതു വഴി ഈ കല്ലുകൾ മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കും. വൃക്കയിലെ കല്ലുകളെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാൻ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ മാർഗം ഇത് തന്നെ.
കിഡ്നി സ്റ്റോൺ പരിഹരിക്കാനുള്ള പ്രധാന പ്രകൃതിദത്ത മാർഗങ്ങളിലൊന്നാണ് വാഴപ്പിണ്ടി. ഇതിന്റെ ജ്യൂസ് കഴിയ്ക്കുന്നതും ഭക്ഷണത്തിൽ കൂടുതൽ വാഴപ്പിണ്ടി വിഭവങ്ങൾ ഉള്പ്പെടുത്തുന്നതും എന്തു കൊണ്ടും നല്ലതാണ്.
ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന മറ്റൊരു പ്രകൃതിദത്തമായ പാനീയങ്ങളിൽ ഏറ്റവും മികച്ചതാണ് മാതള നാരങ്ങയുടെ ജ്യൂസ്. ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. ഈ ജ്യൂസിലെ ധാതു ഘടകങ്ങൾ മൂത്രത്തിന്റെ ഉത്പാദനത്തെ വർദ്ധിപ്പിക്കുകയും, വൃക്കയിലെ കല്ലുകൾ കൂടുതൽ എളുപ്പത്തിൽ കടന്നു പോകാൻ അനുവദിക്കുകയും ചെയ്യുന്നത് വഴി ശസ്ത്രക്രിയ കൂടാതെ സ്വാഭാവികമായി കല്ലുകൾ നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഏറ്റവും മികച്ച ആന്റി ഓക്സിഡന്റുകളും വലിയ അളവിൽ ഇതിൽ അടങ്ങിയിട്ടുണ്ട്.
ഓപ്പറേഷൻ വഴി കിഡ്നി സ്റ്റോൺ നീക്കം ചെയ്താലും വീണ്ടും രോഗം വരാം. ഇത്തരം സങ്കീർണ്ണതകളിൽ നിന്ന് മോചനം ലഭിക്കാൻ ശസ്ത്രക്രിയ അല്ലതെയുള്ള ചികിത്സാ രീതികളാണ് ഉത്തമം. അതു കൊണ്ട് തന്നെ രോഗം കൃത്യമായി കണ്ടെത്തി തുടക്കത്തിൽ തന്നെ ചികിത്സയ്ക്കു വിധേയരാകണം. രോഗിയുടെ പ്രായം, കല്ലിന്റെ വലുപ്പം, സ്ഥാനം ഇവയൊക്കെ കണക്കിലെടുത്ത് ഹോമിയോപ്പതി മരുന്നിലൂടെ രോഗ വിമുക്തി നേടാവുന്നതാണ്. രോഗ ലക്ഷണങ്ങൾ സൂക്ഷ്മമായി അവലോകനം ചെയ്തു ശാരീരികവും മാനസികവുമായ ലക്ഷണങ്ങളെ കോർത്തിണക്കി തിരഞ്ഞെടുക്കാവുന്ന നിരവധി മരുന്നുകളുണ്ട് ഹോമിയോപ്പതിയിൽ.
രോഗിയുടെ പ്രായം, കല്ലിന്റെ സ്ഥാനം, കൃത്യമായ ലബോറട്ടറി നിരീക്ഷണം ഇവയൊക്കെ കണക്കിലെടുത്ത് തിരഞ്ഞെടുക്കുന്ന മരുന്ന് രോഗം സുഖപ്പെടുത്തും. മറ്റ് രോഗങ്ങളെ പോലെ തന്നെ ഓരോ രോഗിയുടെയും ശാരീരിക-മാനസിക രോഗ ലക്ഷണങ്ങളെ ശരിയായി പഠിച്ചു മാത്രം തിരഞ്ഞെടുക്കാവുന്ന മരുന്നുകൾ പരിചയ സമ്പന്നനായ ഹോമിയോ ഡോകടറുടെ നിരീക്ഷണത്തിൽ ശരിയായ ആവർത്തനത്തിലും അളവിലും ശരിയായ സമയത്തും കഴിക്കണം.
ഹോമിയോ മരുന്നുകൾ പൂർണ്ണമായും ഫലവത്താണ് എന്നു മാത്രമല്ല, ശരീരത്തിന് ഒരുവിധ ദൂഷ്യഫലങ്ങളും ഉണ്ടാക്കാത്തവ കൂടിയാണ്. രോഗാരംഭത്തിൽ തന്നെ മരുന്ന് കഴിച്ചു തുടങ്ങുക. ഹോമിയോ ചികിത്സാ സമ്പ്രദായത്തിന്റെ കാതലായ തത്ത്വമനുസരിച്ച് രോഗത്തെയല്ല രോഗിയെയാണ് ചികിത്സിക്കുന്നത്. അതായത് ഒരേ രോഗം ബാധിച്ച പല രോഗികൾക്കും ഒരേ മരുന്നല്ല, മറിച്ച് പല ഔഷധങ്ങളിൽ നിന്ന് ഒരു മരുന്ന് തിരഞ്ഞെടുത്ത് അതിന്റ ശരിയായ ആവർത്തനത്തിലും അളവിലും നൽകുകയാണ്.
ഹോമിയോപ്പതി ചികിത്സയിലും ആഹാര നിയന്ത്രണം അനിവാര്യം. അതോടൊപ്പം ഭക്ഷണ ക്രമം ചിട്ടപ്പെടുത്തുക, ശരീര ഭാരം കുറയ്ക്കുക, മാനസിക ഉല്ലാസത്തിന് വഴികൾ കണ്ടെത്തുക, കൊഴുപ്പുള്ള ഭക്ഷണം, ഉപ്പ്, മധുരം ഇവയും ഒഴിവാക്കുക.
000000000
Thursday, 29 December 2022
വെരിക്കോസ് വെയിൻ
Dr T SUGATHAN BHMS, PGCR
വെരിക്കോസ് വെയിൻ എന്ന രോഗാവസ്ഥ ഇന്ന് മിക്ക ആളുകളിലും സാധാരണമാണ്. പലർക്കും തീരാ തലവേദനയുമാണ്. ഇന്ത്യയിൽ മാത്രം പ്രതിവർഷം പത്ത് ലക്ഷത്തിലധികം പേർക്കെങ്കിലും ഈ രോഗമുണ്ടാകുന്നു എന്നാണ് കണക്ക്. മുതിർന്ന ആളുകളിൽ 25 ശതമാനത്തിലധികം പേരെയും ഈ രോഗം ബാധിക്കുന്നതായി കണക്കാക്കപ്പെടുന്നു. സ്ത്രീകളിലാണ് വെരിക്കോസ് വെയിൻ കൂടുതലായി കണ്ടു വരുന്നത്. മിക്കവരിലും ഇത് വെറും ഒരു സൗന്ദര്യ പ്രശ്നമായി ജീവിത കാലം നിലനിൽക്കും. പതിയെ വലുതാവുകയും ചെയ്യും.
ശരീരത്തെ മുഴുവനായും താങ്ങി നിർത്തുന്ന അവയവമാണ് നമ്മുടെ കാലുകൾ. കാലിലെ സിരകൾ (ഞരമ്പ് എന്നു നമ്മൾ തെറ്റായി വിളിക്കുന്ന രക്ത കുഴലുകൾ) തടിച്ചു വീർത്ത്, കെട്ട് പിണഞ്ഞു കാണപ്പെടുന്ന അവസ്ഥയാണ് വെരിക്കോസ് വെയ്‌നുകൾ എന്നു പറയുന്നത്. ശരീര ഭാഗങ്ങളിലേക്ക് ഹൃദയത്തിൽ നിന്നും എത്തുന്ന ശുദ്ധ രക്തത്തിലെ ഓക്സിജൻ സ്വീകരിച്ച ശേഷം തിരികെ ഹൃദയത്തിലേക്ക് അശുദ്ധ രക്തത്തെ എത്തിക്കുന്ന രക്തക്കുഴലുകളാണ് സിരകൾ അഥവാ veins.
ഇവയിലെ രക്ത പ്രവാഹം എപ്പോഴും ഹൃദയത്തിന്റെ ഭാഗത്തേക്കായിരിക്കും. കാലുകളിൽ നിന്നുള്ള അശുദ്ധ രക്തം തിരികെ ഹൃദയത്തിൽ എത്തുന്നത് മസിൽ പമ്പിങ്ങ് ആക്ഷൻ മൂലം veins-ലെ രക്തം മുകളിലേക്ക് കയറുന്നത് കൊണ്ടാണ്. ഇങ്ങനെ കയറുന്ന രക്തം താഴേക്ക് വരാതിരിക്കാൻ വെയിനുകളിൽ വാൽവുകൾ ഉണ്ട്. ഇവ രക്തം താഴേക്ക് വീഴാതെ പിടിച്ചു നിർത്തുന്നു. ഈ വാൽവുകൾക്ക് തകരാറ് സംഭവിക്കുമ്പോഴാണ് വെരിക്കോസ് വെയ്‌ൻസ് ഉണ്ടാകുന്നത്. കാലുകളിലെ സിരകളിൽ അശുദ്ധ രക്തം കെട്ടി കിടന്നു വീർത്തു വലുതാവുകയും ഇതോടൊപ്പം സിരകളിലൂടെയുള്ള രക്ത ചംക്രമണത്തിൽ തടസ്സം ഉണ്ടാവുകയും ചെയ്യന്നു.
ശരീരത്തിൽ സിരകൾ ഉള്ള ഏത് ഭാഗങ്ങളിലും ഇത്തരത്തിൽ വെരിക്കോസ് വെയിൻ പ്രശ്നം ഉണ്ടാകാമെങ്കിലും അവ കൂടുതലായും കാലിൻ്റെ ഭാഗങ്ങളിലാണ് കണ്ടു വരുന്നത്.
കാലുകളിലെ രക്തക്കുഴലുകളും സിരകളും ദുർബലമാകുമ്പോൾ ഹൃദയത്തിലേക്കുള്ള രക്ത ചംക്രമണത്തിൽ തടസ്സം ഉണ്ടാകുന്നു. ഇത് രക്തക്കുഴലുകളുടെ അനുചിതമായ പ്രവർത്തനത്തിലേക്ക് നയിക്കുകയും ചെയ്യും.
എന്നാൽ ചെറുതല്ലാത്ത ഒരു വിഭാഗം ആളുകളിൽ, കാൽ വേദന, തൊലിയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ, വൃണങ്ങൾ എന്നിവ എന്നിവ ഉണ്ടാവാം. എപ്പോഴും കഴപ്പ്, കാലിലെ തൊലി കറുത്ത്, കട്ടിയായി വരിക, മുറിവുകൾ ഉണ്ടായാൽ ഉണങ്ങാൻ കാല താമസം വരിക, വൃണങ്ങൾ ഉണ്ടാവുക, അവ വലുതായി ഉണങ്ങാത്ത സ്ഥിര മുറിവുകൾ ആവുക എന്നീ പ്രശ്നങ്ങളാണ് സാധാരണ കാണപ്പെടുക. ചിലപ്പോൾ ഇവ പൊട്ടി രക്ത സ്രാവവും ഉണ്ടാവാം.
ദീർഘ നേരം നിന്നു കൊണ്ട് തന്നെ ജോലി ചെയ്യുന്ന പോലീസുകാർ, ബസ് കണ്ടക്ടർമാർ, സെക്യൂരിറ്റി ജോലിയിൽ ഏർപ്പെട്ടവർ, നഴ്സുമാർ, അഡ്വക്കേറ്റ്മാർ, അമിതമായി നടക്കുന്നവർ, ശരീര ഭാരം കൂടിയവർ ഇവർക്കൊക്കെ വെരിക്കോസ് വെയ്ൻ ഉണ്ടാകാൻ സാധ്യതയുണ്ട്. ശരീരത്തിലെ അധിക ഭാരം സിരകളിൽ അധിക സമ്മർദ്ദം ചെലുത്തുകയും അവയ്ക്ക് കേടു വരുത്തുകയും ചെയ്യും.
പ്രായം വർദ്ധിക്കുന്നതിനനുസരിച്ച് സിരകളും രക്തക്കുഴലുകളും ദുർബലമായി മാറിയേക്കാം. ഇത് പലപ്പോഴും ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്നു. ഒന്നുകിൽ ദീർഘ നേരം ഒരേ ഇരിപ്പിരിക്കുകയോ അല്ലെങ്കിൽ കൂടുതൽ നേരം നിന്നു കൊണ്ട് മാത്രം ജോലി ചെയ്യുകയോ ചെയ്യുന്നതെല്ലാം സിരകളിൽ സമ്മർദ്ദം ഏർപ്പെടുത്തുന്നു ഇത് ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നതിനെ തടസ്സപ്പെടുത്തുകയും അവയെ കൂടുതൽ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.
ഗർഭധാരണം ശരീരത്തിൽ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് സിരകൾ വലുതാകാൻ കാരണമാകും. വളരുന്ന ഗർഭപാത്രം സിരകളിലും സമ്മർദ്ദം ചെലുത്തുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ സാധ്യതയുള്ള വെരിക്കോസ് വെയിൻ അവസ്ഥകൾ പലപ്പോഴും താൽക്കാലികമാണ്.
പ്രസവാനന്തരം ഏകദേശം മൂന്ന് മാസത്തിനുള്ളിൽ ഇതിൻ്റെ ലക്ഷണങ്ങളിൽ കുറവ് അനുഭവപ്പെടുന്നു. പൂർണമായി മാറി പോകുന്നതും കാണാം. വയറ്റിലുണ്ടാകുന്ന മുഴകൾ, വളർച്ചകൾ മുതലായവയും ഇതേ രീതിയിൽ വയറിലെയും ഇടുപ്പിലെയും സിരകളെ അമർത്തി വെരിക്കോസിറ്റി ഉണ്ടാക്കാം.
ഗർഭാവസ്ഥയിൽ വലുതാകുന്ന ഗർഭപാത്രം ഇൻഫീരിയർ വീനകാവ എന്ന ഹൃദയത്തിലേക്ക് രക്തം കൊണ്ട് വരുന്ന വലിയ കുഴലിനെ അമർത്തുന്ന അവസ്ഥയിലും, ഗർഭാവസ്ഥയിലെ ഹോർമോൺ വ്യതിയാനങ്ങൾ അധികമാവുന്ന അവസ്ഥയിലും കാലിലെ സിരകൾ കെട്ടു പിണയുന്ന പ്രക്രിയയെ വേഗത്തിലാക്കുന്നു. കാലുകളിൽ മാത്രമല്ല യോനീ മുഖത്തും (Vulva) വെരിക്കോസിറ്റി കാണപ്പെടാം.
ഏറ്റവും സാധാരണമായി കണ്ടു വരുന്നത് വാൽവുകൾ തകരാറിലാകുന്നത് മൂലമുള്ള വെരിക്കോസ് വെയിൻ ആണ്. ഈ വാൽവുകൾ തകരാറിൽ ആകുന്നതിൽ പാരമ്പര്യത്തിനു പങ്കുണ്ട്, അത് കൊണ്ട് തന്നെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും വെരിക്കോസ് വെയിൻ രോഗം ഉണ്ടായിട്ടുണ്ടെങ്കിൽ, നിങ്ങൾക്കും അത് ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
മറ്റൊരു കാരണം കാലിന്റെ ഏറ്റവും ഉള്ളിലെ വെയ്നുകൾ (deep veins) ക്കുള്ളിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥയാണ് (deep vein thrombosis). ഇവയിൽ കൂടി രക്ത സംക്രമണം നടക്കാത്തതിനാൽ പുറമേയുള്ള വെയിനുകളിൽ കൂടി കൂടുതൽ രക്തം ഒഴുകുകയും അവ തടിച്ചു വീർത്ത് വെരിക്കോസ് വെയിൻ ആകുകയും ചെയ്യും. മാത്രമല്ല, കാലക്രമേണ ഇവയിലെ രക്തയോട്ടം പുനഃസ്ഥാപിക്കപ്പെടുന്നുമ്പോഴേക്കും ഈ രക്തക്കുഴലുകളിലെ വാൽവുകൾക്കും കേടു പറ്റിയിട്ടുണ്ടാകും. അപ്രകാരം മുകളിലേക്കുള്ള രക്തപ്രവാഹത്തിന്റെ വേഗത കുറഞ്ഞ്, വെരിക്കോസ് വെയിനിന് കാരണമാകാം....
വെരിക്കോസ് വെയിൻ പലപ്പോഴും വേദനയ്ക്ക് കാരണമായേക്കാം. ചില സാഹചര്യങ്ങളിൽ വേദനകൾ ഉണ്ടാകാതിരിക്കാനുള്ള സാഹചര്യവും ഉണ്ടാകാറുണ്ട്. കൂടാതെ ബാധിക്കപ്പെട്ട സിരകളിൽ ഉണ്ടാവുന്ന അസഹ്യമായ ചൊറിച്ചിൽ, ചർമ്മത്തിന്റെ നിറം മാറൽ, ചർമ്മത്തിന്റെ കട്ടി കുറയുന്നു. കുറച്ചു നേരം ഇരിക്കുമ്പോഴും നിൽക്കുമ്പോഴും കാലുകളിൽ ഉണ്ടാവുന്ന കടുത്ത വേദനയോ കനത്ത ഭാരമോ അനുഭവപ്പെടുന്നതായി തോന്നാം. എരിച്ചിലും, ഞെരുക്കവും, പേശികളിലെ വീക്കവും അനുഭവപ്പെടാം.
ഇതല്ലാതെ മറ്റു കാരണങ്ങൾ കൊണ്ടും വെരിക്കോസ് വെയിൻ വരാം. ഈ വികസിക്കുന്ന സിരകളുടേത് അല്ലാത്ത മറ്റ് ഏതെങ്കിലും കാരണം കൊണ്ടുണ്ടാകുന്ന വെരിക്കോസ് വെയിനിനെ secondary varicose vein എന്നു വിളിക്കാം.
വെരിക്കോസ് വെയിൻ ചികിൽസിക്കുന്നതിനു മുൻപ് തന്നെ എന്തു കൊണ്ടാണ് ഇതുണ്ടാകുന്നതെന്ന് കണ്ടു പിടിക്കണം. അതനുസരിച്ചു വേണം ചികിത്സ ചെയ്യാൻ. മറ്റ് കാരണങ്ങൾ കൊണ്ടുണ്ടാകുന്ന secondary varicose vein ആണെങ്കിൽ ആ കാരണത്തിനാവണം ആദ്യ ചികിത്സ..
ഇടയ്ക്കിടക്ക് ഇവ പൊട്ടി ധാരാളം രക്ത നഷ്ടം സംഭവിക്കുക, ഇത് കാരണം കാലിൽ നീരും വേദനയും ഉണ്ടാകുക, കാലിന്റെ വണ്ണയിൽ നിറ വ്യത്യാസവും ചൊറിച്ചിലും ഉണ്ടായി വൃണങ്ങൾ ഉണ്ടാകുക (varicose ulcer), കോസ്‌മെറ്റിക് കാരണങ്ങൾ എന്നിവ മൂലമാണ് പലപ്പോഴും ചികിത്സ വേണ്ടി വരുന്നത്.
പൂർണമായും ശസ്ത്രക്രിയ കൊണ്ട് മാറുന്ന ഒന്നല്ല വെരികോസ് വെയ്‌ൻ. എന്നാൽ ശസ്ത്രക്രിയ ചെയ്തതു കൊണ്ട് ഇത് പൂർണമായും മാറും എന്നുമുള്ള തെറ്റിദ്ധാരണ പൊതുവേ ജനങ്ങൾക്കുണ്ട്. ശസ്ത്രക്രിയ ശസ്ത്രക്രിയ ചെയ്താൽ പോലും വെരികോസ് വെയ്ൻ തിരിച്ചു വരാൻ സാധ്യതകൾ എപ്പോഴും ഉണ്ട്.
കാഴ്ചയ്ക്ക് അഭംഗി തോന്നുന്നതിൽ മനഃപ്രയാസം ഉള്ളവരാണ് ചെറിയ രീതിയിൽ ഉള്ള വെരികോസ് വെയ്‌നിനു ചികിത്സ തേടുന്നത്. വെരിക്കോസ് വെയിനിന്റെ സിരകളിൽ നിന്ന് ഉണ്ടാവുന്ന രക്തസ്രാവം, ചർമ്മത്തിൽ നീല നിറമുള്ള സിരകൾ തെളിഞ്ഞു കാണുന്നു. നിറ വ്യത്യാസം, സിരയുടെ കാഠിന്യം, ചർമ്മത്തിന്റെ വീക്കം അല്ലെങ്കിൽ കണങ്കാലിന് സമീപമുള്ള ചർമ്മത്തിലെ അൾസർ. ഇങ്ങനെയുള്ള അവസരത്തിൽ മാത്രമാണ് അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ഗുരുതരമായ അവസ്ഥ.
വിശ്രമിക്കുമ്പോഴെല്ലാം രണ്ടോ മൂന്നോ തലയിണകൾക്ക് മുകളിലായി കാൽ കയറ്റി വയ്ക്കുക. ഇങ്ങനെ കിടന്നാൽ സിരകളിൽ രക്തം ശേഖരിച്ചു വയ്ക്കപ്പെട്ടില്ല. അങ്ങനെ വെരിക്കോസ് വെയിൻ ലക്ഷണങ്ങളെ തടയാനാവും.
കാലുകൾ ഇടയ്ക്കിടെ മസാജ് ചെയ്യുന്നത് നല്ലതാണ്. കാലുകൾക്ക് ആശ്വാസം പകരാൻ മാത്രമല്ല, ഇത്തരത്തിൽ മസാജ് ചെയ്യുമ്പോൾ കാലുകളിലെ രക്ത ചംക്രമണം വർദ്ധിക്കുകയാണ് ചെയ്യുന്നത്. ചലനം താഴെ നിന്ന് മുകൾ ഭാഗത്തെ ആയിരിക്കണം. അങ്ങനെയെങ്കിൽ ഹൃദയത്തിലേക്കുള്ള രക്തയോട്ടം മികച്ചതായി മാറും.
ശരീരത്തിലെ വെരിക്കോസ് വെയിനുകളെ യാതൊരു കാരണവശാലും കൈകൾ ഉപയോഗിച്ച് ഉരയ്ക്കുയോ പ്രകോപിപ്പിക്കുകയോ ചെയ്യരുത്. ഇത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കും.
വെരിക്കോസ് വെയിനിനെ തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം ആരോഗ്യകരമായ ഒരു ജീവിത ശൈലി ഉണ്ടാക്കുക എന്നതാണ്. നിങ്ങളുടെ സിരകളിൽ ചെലുത്തുന്ന സമ്മർദ്ദം കുറയ്ക്കാൻ ആവശ്യമായ മാറ്റങ്ങൾ ജീവിതത്തിലേക്ക് കൊണ്ടു വരിക. കൂടുതൽ നേരം നിൽക്കുന്നത് ഒഴിവാക്കുക, ഒരേ രീതിയിൽ കാലുകൾ തൂക്കിയിടുന്നതും നല്ലതല്ല. ആരോഗ്യകരമായ ശരീര ഭാരം നിലനിർത്തുക, പതിവായി കൃത്യമായ വ്യായാമം, യോഗ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
വെരിക്കോസ് വെയിൻ നേരത്തെ കണ്ടെത്തി ചികിത്സിക്കണം. തുടക്കത്തിൽ വേണ്ട പരിചരണം നൽകിയാൽ ഒരു പരിധി വരെ അപകടകരമാകാതെ കൊണ്ടു പോകാം. ഇറുകി കിടക്കുന്ന സ്റ്റോക്കിംഗ്സ് പോലെ ഉള്ള കാൽ ഉറകൾ ഒരു പ്രധാന ചികിത്സയാണ്. പല ഗ്രേഡിൽ ഉള്ള ഇവ സ്ഥിരമായും തുടക്കത്തിൽ തന്നെ ഉപയോഗിക്കുന്നത് വഴി അസുഖം കൂടുന്നത് തടയാനും സങ്കീർണതകൾ ഒരു പരിധി വരെ തടയാനും കഴിയും. രാവിലെ സ്റ്റോക്കിംഗ് ധരിക്കുകയും രാത്രിയിൽ അഴിച്ചു വയ്ക്കുകയും വേണം. കാലിൽ ഉണ്ടാവുന്ന ഉണങ്ങാത്ത വൃണങ്ങൾ ചുരുക്കം ചില ആളുകളിൽ കണ്ടു വരുന്നു. വൃണങ്ങൾ ശരിയായ രീതിയിൽ പരിചരിക്കുക, കൂടുതൽ നിൽക്കാതെ, കാൽ ഉയർത്തി വച്ച് മാത്രം വിശ്രമിക്കൽ, കൂടാതെ ഇറുകിയ ബാൻഡേജിങ് എന്നിവ ആണ് പ്രധാന ചികിത്സ.
മറ്റ് രോഗങ്ങൾക്ക് എന്നതു പോലെ തന്നെ ഹോമിയോപ്പതിയിലും വെരിക്കോസ് വെയിൻ ഫലപ്രദമായ മരുന്നുണ്ട്. ശസ്ത്രക്രിയ കൂടാതെ രോഗിയെ പൂർവ സ്ഥിതിയിൽ എത്തിക്കാൻ ഹോമിയോ മരുന്ന് കൊണ്ട് കഴിയും. രോഗിയെ പൂർണ്ണമായി മനസ്സിലാക്കി രോഗിയുടെ ശാരീരികവും മാനസികവുമായ എല്ലാ രോഗ ലക്ഷണങ്ങളും കോർത്തിണക്കി അവയ്ക്ക് അനുയോജ്യമായ ഒരു മരുന്നു കണ്ടെത്തി അതിന്റെ ശരിയായ ആവർത്തനത്തിലും അളവിലും സമയ ക്രമത്തിലും കഴിച്ചാൽ രോഗ ശാന്തി ലഭിക്കും. രോഗിയുടെ എല്ലാവിധ രോഗ ലക്ഷണങ്ങളും ശാരീരികവും മാനസികവുമായ വ്യതിയാനങ്ങളും നേരിട്ട് മനസ്സിലാക്കി മാത്രമേ ശരിയായ ഔഷധ നിർണ്ണയം നടത്താൻ കഴിയൂ. രോഗിയുടെ ജീവിത സാഹചര്യം, രോഗ ലക്ഷണങ്ങൾ അധികരിക്കുന്ന ചുറ്റുപാട്, കാലാവസ്ഥയിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ ഇവയൊക്കെ രോഗ നിർണ്ണയത്തിനും അതു വഴി ഔഷധ നിർണ്ണയത്തിനും പ്രധാനമാണ്. ഹോമിയോപ്പതി തത്വമനുസരിച്ച് രോഗത്തെയല്ല മറിച്ച് രോഗിയെ ആണ് ഡോക്ടർ ചികിത്സിക്കുന്നത്.
എല്ലാ രോഗങ്ങൾക്കും കാരണം 'ജീവശക്തി'യുടെ അസന്തുലിതാവസ്ഥയാണെന്ന് ഹാനിമാൻ വാദിച്ചു. ഈ അസന്തുലിതാവസ്ഥയെ അദ്ദേഹം 'miasm' എന്നു വിശേഷിപ്പിച്ചു. ജീവശക്തിയെ ചികിത്സിക്കുകയാണ് രോഗ നിവാരണത്തിനുള്ള യഥാർത്ഥ മാർഗ്ഗമെന്നും അദ്ദേഹം സിദ്ധാന്തിച്ചു.
ഒരു രോഗത്തിനുള്ള ഫലപ്രദമായ മരുന്ന്, ആരോഗ്യവാനായ ഒരു വ്യക്തി കഴിക്കുകയാണെങ്കിൽ, ആ രോഗത്തിനു സമാനമായ ലക്ഷണങ്ങൾ അയാളിൽ അതുണ്ടാക്കുമെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു - ഇതാണ് ഹോമിയോപ്പതിയുടെ പ്രസിദ്ധമായ സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു (ഇംഗ്ലീഷ്: Like Cures Like ജർമ്മൻ : Similia Similibus Curantur) എന്ന സിദ്ധാന്തത്തിന് അടിസ്ഥാനം.
Dr T Sugathan
00000000
Thursday, 15 December 2022
അഞ്ചാംപനി അഥവാ മിസിൽസ്
വേനൽ കാലം കുറേയധികം രോഗങ്ങളുമായി നമ്മുടെ മുന്നിൽ കടന്നു വരുന്നു. സാധാരണയായി വേനൽ കാല രോഗങ്ങളുടെ പട്ടികയിലുണ്ടായിരുന്ന ചിക്കൻ പോക്സ്, അഞ്ചാംപനി എന്നിവ ഇപ്പോൾ മഴക്കാലത്തും ശൈത്യ കാലത്തും കണ്ടു വരുന്നു. മലപ്പുറം ജില്ലയിൽ ഇക്കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ വ്യാപകമായി അഞ്ചാംപനി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇപ്പോഴും നിയന്ത്രണ വിധേയമല്ലാതെ രോഗം പടർന്നു പിടിക്കുന്നു.
മധ്യ വേനൽ അവധി കാലത്തിന്റെ കളി ചിരികളിലേക്ക് കടന്നു വരുന്ന വേനൽ കാല രോഗങ്ങളിൽ ഏറ്റവും കൂടുതലായി കണ്ടു വരുന്നതും കുട്ടികളെ ബാധിക്കുന്നതുമായ ഒട്ടനവധി രോഗങ്ങളുണ്ട്. ഇവ പ്രധാനമായും ജല ജന്യരോഗങ്ങളും വായു ജന്യരോഗങ്ങളുമാണ്. ഈ രോഗങ്ങളിൽ പ്രധാനവും കൂടുതൽ കണ്ടു വരുന്നതും ചൂടുകുരു, കരപ്പൻ, ചിക്കൻ പോക്സ്, അഞ്ചാംപനി, മുണ്ടിനീര്, ചെങ്കണ്ണ്, മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ, വയറിളക്കം, തുടങ്ങിയവയാണ്. ഇവ പെട്ടെന്ന് പടർന്നു പിടിക്കുന്നതും വളരെ കുറഞ്ഞ സമയ ദൈർഘ്യത്തിനുള്ളിൽ കൂടുതൽ ആൾക്കാരെ രോഗ ബാധിതരാക്കാൻ കഴിയുന്നതുമാണ്. വായുവിൽ കൂടി വളരെ വേഗം പടർന്നു പിടിക്കുന്ന സാംക്രമിക രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് അഞ്ചാംപനി. വളരെ പെട്ടെന്നു പകരാൻ സാധ്യതയുള്ള രോഗമായതിനാൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
അഞ്ചാംപനി അഥവാ മിസിൽസ് കൊച്ചു കുട്ടികളിൽ സാധാരണയായി കണ്ടു വരുന്ന ഒരു പകർച്ച വ്യാധിയാണ്. മണ്ണൻ, പൊങ്ങമ്പനി എന്നീ പേരുകളിലും നാട്ടിൻ പുറങ്ങളിൽ അറിയപ്പെടുന്നു. സാധാരണയായി അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലാണ് കൂടുതലായി കണ്ടു വരുന്നത്. എന്നാൽ മുല കുടിക്കുന്ന ആറു മാസം വരെയുള്ള ശിശുക്കളിൽ അമ്മയിൽ നിന്നു ലഭിക്കുന്ന മുലപ്പാലിലുള്ള പ്രതിരോധ ശേഷി നിലനിൽക്കുന്നതിനാൽ അഞ്ചാംപനി ബാധിക്കാറില്ല. സാധാരണ കുട്ടികളെ ബാധിക്കുന്ന ഈ രോഗം പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ തന്നെ ശമിക്കും. എന്നാൽ രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലും, ഗർഭിണികളിലും, മുതിർന്നവരിലും, ശരിയായ രോഗ ചികിത്സയുടെ അഭാവത്തിലും രോഗം മൂർച്ഛിച്ചു മാരകാവസ്ഥയിലെത്താം. ഒരിക്കൽ രോഗം വന്നു കഴിഞ്ഞാൽ ആജീവനാന്തം രോഗ പ്രതിരോധ ശേഷി നിലനിൽക്കുന്നതിനാൽ വീണ്ടും രോഗം വരാറില്ല.
പാരമിക്സോ വൈറസ് വിഭാഗത്തിൽപ്പെട്ട ആർ.എൻ.എ വൈറസുകളാണ് രോഗ ഹേതു. രോഗിയുടെ മൂക്കിലും വായിലും തൊണ്ടയിലും ഈ വൈറസുകൾ ധാരാളം ഉള്ളതു കൊണ്ട് രോഗി സംസാരിക്കുമ്പോഴും തുമ്മുമ്പോഴും ധാരാളം വൈറസുകൾ പുറത്തേക്ക് വമിച്ചു കൊണ്ടിരിക്കും. ഈ അണുക്കൾ രോഗിയുടെ ചുറ്റുമുള്ള വായുവിൽ തങ്ങി നിൽക്കുകയും ഇവ ഉൾക്കൊള്ളുന്ന വായു ശ്വസിക്കുന്നതു മൂലം രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പ്രവേശിക്കുകയും രോഗ ബാധിതരാകുകയും ചെയ്യുന്നു. രോഗം പ്രകടമാക്കാനുള്ള കാല ദൈർഖ്യം അഞ്ചു മുതൽ 14 ദിവസമാണ്.
രോഗ ലക്ഷണങ്ങൾ ജലദോഷം, ശക്തമായ പനി, ചുമ, കണ്ണു ചുമന്നു വെള്ളം വരിക, കൺപോളകൾക്ക് വീക്കം, വെളിച്ചത്തിൽ നോക്കാൻ പ്രയാസം, ശക്തമായ ക്ഷീണം, വിശപ്പില്ലായ്മ മുതലായവയാണ്. മൂന്നു മുതൽ നാലു ദിവസം നീണ്ടു നിൽക്കുന്ന ഈ രോഗ ലക്ഷണങ്ങൾക്കു ശേഷം വായ്ക്കുള്ളിലും ശരീരത്തിലും മണൽ തരികൾ വാരി വിതറിയതു പോലുള്ള കുരുപ്പുകൾ കാണപ്പെടുന്നു. രോഗാരംഭത്തിന്റെ അഞ്ചാം നാൾ വായ്ക്കുള്ളിലെ അണപ്പല്ലുകളുടെ അവസാനം ശ്ലേഷ്മ സ്തരത്തിൽ കാണപ്പെടുന്ന ചെറിയ ചുവന്ന കുരുപ്പുകൾ രോഗ നിർണ്ണയത്തിന് പ്രധാനമാണ്. രോഗിക്കു ചെറിയ തോതിൽ തൊണ്ട വേദന അനുഭവപ്പെടുന്നു. ഇതേ കുരുപ്പുകൾ കണ്ണിലും മറ്റ് ആന്തരാവയവ ശ്ലേഷ്മ സ്തരങ്ങളിലും കാണപ്പെടുന്നു. ശരീരത്തിലുള്ള തിണർപ്പുകൾ ആദ്യം നെറ്റിയിലും ചെവിയുടെ പുറകിലും തുടർന്നു മുഖം, കഴുത്ത്, നെഞ്ച്, കൈ കാലുകൾ എന്നീ ക്രമത്തിൽ കാണപ്പെടുന്നു. കൂടുതലായി മുഖം, നെഞ്ച് ഭാഗങ്ങളിൽ കാണപ്പെടുന്ന തിണർപ്പുകൾ മൂന്ന് ദിവസം കൊണ്ടു മാറി പോകുന്നു.
രോഗം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ രോഗിയെ മറ്റുള്ളവരിൽ നിന്നു മാറ്റി പാർപ്പിക്കേണ്ടതാണ്. ശരീരത്തിൽ കുരുപ്പുകൾ കണ്ടു കഴിഞ്ഞു മൂന്നു മുതൽ അഞ്ചു ദിവസം വരെ രോഗ പകർച്ചയ്ക്കു ഏറെ സാധ്യതയുള്ള സമയമാണ്. ഗർഭ കാലത്തിന്റെ ആദ്യഘട്ടങ്ങളിൽ ഈ രോഗം ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുകയും പ്രതിരക്ഷാ (immunization) നടപടികളെടുക്കുകയും വേണം. രോഗം ബാധിച്ച കുട്ടികളെ ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും സ്കൂളിൽ വിടാതിരിക്കുക. മറ്റു കുട്ടികളോട് കളിക്കാൻ വിടാതിരിക്കുക.
ഉമിനീരിലൂടെയാണ് രോഗാണുക്കൾ മറ്റുള്ളവരിലേക്കും പകരുക എന്നതിനാൽ രോഗി ഉപയോഗിച്ച ടവ്വൽ, പാത്രം മുതലായവ ചൂടു വെള്ളത്തിൽ കഴുകി നല്ല വെയിലിൽ ഉണക്കിയെടുത്തു പ്രത്യേകം കൈകാര്യം ചെയ്യണം. രോഗി ഉപയോഗിച്ച മുറി, കിടക്ക, ശുചിമുറി ഇവിടങ്ങളിൽ അണുനാശിനി ഉപയോഗിച്ചു വൃത്തിയാക്കുകയും വീടൂം പരിസരവും ശുചിയായി സൂക്ഷിക്കുകയും വേണം. രോഗം വന്നാൽ പുറത്തിറങ്ങി നടക്കുക, പൊതു വാഹനങ്ങളിൽ സഞ്ചരിക്കുക, രോഗ വിവരം മറ്റുള്ളവരിൽ നിന്നു മറച്ചു വച്ചു സമൂഹത്തിലിറങ്ങി രോഗം മറ്റുള്ളവർക്ക് പരത്തുകയല്ല. മറിച്ചു അടിയന്തരമായി വൈദ്യ സഹായം തേടുകയും രോഗം പകരുന്നതു തടയുകയുമാണ് വേണ്ടത്.
ശരിയായ രോഗ നിർണ്ണയവും ശരിയായ ഔഷധ പ്രയോഗവും കൊണ്ട് യാതൊരു വിധ പാർശ്വ ഫലങ്ങളും ഇല്ലാതെ വളരെ കുറഞ്ഞ ദിവസത്തെ ഹോമിയോപ്പതി ഔഷധ സേവയിലൂടെ രോഗം പൂർണ്ണമായി ചികിത്സിച്ചു മാറ്റാവുന്നതാണ്. രോഗം വരാതിരിക്കാനായി ഹോമിയോ പ്രതിരോധ ഔഷധവും ഫലപ്രദമാണ്.
മറ്റ് രോഗങ്ങൾക്ക് എന്നതു പോലെ തന്നെ ഹോമിയോപ്പതിയിൽ അഞ്ചാംപനിയ്ക്ക് ഫലപ്രദമായ മരുന്നുണ്ട്. രോഗിയെ പൂർണ്ണമായി മനസ്സിലാക്കി രോഗിയുടെ ശാരീരികവും മാനസികവുമായ എല്ലാ രോഗ ലക്ഷണങ്ങളും കോർത്തിണക്കി അവയ്ക്ക് അനുയോജ്യമായ ഒരു മരുന്നു കണ്ടെത്തി അതിന്റെ ശരിയായ ആവർത്തനത്തിലും അളവിലും സമയ ക്രമത്തിലും കഴിച്ചാൽ രോഗ ശാന്തി ലഭിക്കും. രോഗിയുടെ ജീവിത സാഹചര്യം, രോഗ ലക്ഷണങ്ങൾ അധികരിക്കുന്ന ചുറ്റുപാട്, കാലാവസ്ഥയിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ ഇവയൊക്കെ രോഗ നിർണ്ണയത്തിനും അതു വഴി ഔഷധ നിർണ്ണയത്തിനും പ്രധാനമാണ്. ഹോമിയോപ്പതി തത്വമനുസരിച്ച് രോഗത്തെയല്ല മറിച്ച് രോഗിയെ ആണ് ഡോക്ടർ ചികിത്സിക്കുന്നത് എന്നതിൽ തന്നെ ഈ ചികിത്സ സമ്പ്രദായത്തിന്റെ മഹത്വം അടങ്ങിയിരിക്കുന്നു.
ഹോമിയോ മരുന്നുകൾ രോഗാരംഭത്തിൽ തന്നെ കൊടുത്തു തുടങ്ങണം. രോഗിയുടെ സ്ഥിരമായ രോഗ ശമനത്തിന് പ്രാധാന്യം നൽകുന്ന ഹോമിയോപ്പതി ചികിത്സ നിർണയത്തിന് ഓരോ രോഗിയുടെയും ശാരീരിക- മാനസിക രോഗ ലക്ഷണങ്ങൾ ശരിയായി മനസിലാക്കി മാത്രമേ മരുന്ന് തിരഞ്ഞെടുക്കാൻ കഴിയൂ. അതു കൊണ്ടു തന്നെ സ്വയം ചികിത്സ നന്നല്ല. ഒരു ഹോമിയോ ഡോക്ടറുടെ മേൽനോട്ടത്തിൽ വേണം മരുന്ന് കഴിക്കേണ്ടത്. ശരിയായ മരുന്ന് കഴിക്കുകയും, മതിയായ വിശ്രമവും, ധാരാളം വെള്ളം കുടിക്കുക, പഴവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങി ലഘുവായ ഭക്ഷണ രീതികൾ സ്വീകരിക്കുകയും ചെയ്തു അഞ്ചാംപനി സുഖപ്പെടുത്താം.
രോഗത്തിനു ശരിയായ മരുന്നു തിരഞ്ഞെടുക്കുന്നതിൽ മാത്രമല്ല ആ മരുന്നിന്റെ ആവർത്തനം, അതു കഴിക്കേണ്ട സമയം, ആ മരുന്നിന്റെ കൂട്ടത്തിൽ കഴിക്കാൻ പാടുള്ളതും പാടില്ലാത്തതുമായ മറ്റു മരുന്നുകളുടെ ക്രമം, ആഹാര രീതികൾ ഇവയൊക്കെ വ്യക്തമായി ഹോമിയോ ഡോക്ടർ മനസ്സിലാക്കിയിരിക്കും ഇവയൊക്കെ വ്യക്തമായി രോഗിക്കു പറഞ്ഞു കൊടുക്കുകയും ചെയ്യും.
ഡോക്ടർ പറഞ്ഞു തന്ന വിവരങ്ങൾ രോഗി ശരിയായി പാലിക്കപ്പെടുകയും വേണം. മരുന്നു കഴിക്കേണ്ട ദിവസവും സമയവും തെറ്റാതിരിക്കുക. മറ്റു മരുന്നുകൾ കൂട്ടത്തിൽ കഴിക്കാതിരിക്കുക. പെട്ടെന്നുണ്ടാകുന്ന അസുഖങ്ങൾക്ക് ഇടവിട്ട ഔഷധ സേവയാകും ഡോക്ടർ നിർദേശിക്കുക. ഒന്നോ രണ്ടോ മണിക്കൂർ ഇടവിട്ട് കഴിക്കേണ്ടി വരുന്ന മരുന്നുകൾ സമയം തെറ്റാതെ കൊടുക്കണം.
രോഗം മാറിയെന്നു മനസ്സിലായാൽ പോലും ഡോക്ടറുടെ ഉപദേശമനുസരിച്ചു മാത്രം മരുന്നു കഴിക്കുന്നതു നിറുത്തുക. മരുന്ന് ഉപയോഗിക്കുന്നത് കഴിയുന്നിടത്തോളം വെറും വയറ്റിലോ അല്ലെങ്കിൽ ആഹാരത്തിനു അര മണിക്കൂറിനു ശേഷം മാത്രം. ഹോമിയോപ്പതി ഔഷധങ്ങൾ സേവിക്കുമ്പോൾ ആഹാര ക്രമത്തിലും ജീവിതചര്യയിലും നിയന്ത്രണം വേണ്ടതാണ്. ആഹാര ക്രമം വ്യക്തികൾക്കും അസുഖങ്ങൾക്കും അനുസരിച്ചു വ്യത്യസ്തമായിരിക്കും.
ഹോമിയോപ്പതി കുറെ മരുന്നുകളുടെ വെറുമൊരു ശേഖരമല്ല. മറിച്ചു യുക്തി യുക്തമായ ഒരു ത്വത്തചിന്തയിൽ അധിഷിഠിതമായ പുതിയൊരു ശാസ്ത്രമാണ് എന്നു രവീന്ദ്രനാഥ ടാഗോറിന്റെ വാക്കുകൾ ഹോമിയോപ്പതി ചികിൽസയെ കുറിച്ചു ജനങ്ങൾ ഇനിയും ഏറെ മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്ന സത്യത്തിലേക്ക് വിരൽ ചൂണ്ടുന്നു.
പകർച്ച വ്യാധികൾ വ്യാപകമാകുന്നതിന്റെ പ്രധാന കാരണം പരിസര മലിനീകരണവും വ്യക്തി ശുചിത്വമില്ലായ്മയുമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മലിനജലം കെട്ടി കിടക്കാൻ അനുവദിക്കരുത്. പൊതു സ്ഥലത്തു പാഴ് വസ്തുക്കൾ വലിച്ചെറിഞ്ഞു പരിസരം വൃത്തികേടാക്കാതിരിക്കുക.
ജലദോഷം ചുമ ഇവയുളളപ്പോൾ വൃത്തിയുള്ള തൂവാല കൈയിൽ കരുതണം. തുമ്മുക, മൂക്ക് ചീറ്റുക, ചുമയ്ക്കുക തുടങ്ങിയ അവസരങ്ങളിൽ തൂവാല കൊണ്ട് മൂക്കും വായും മൂടി പിടിക്കണം. രോഗാണുക്കൾ അന്തരീക്ഷത്തിൽ പടരാതിരിക്കാൻ ഇത് സഹായിക്കും. പൊതു സ്ഥലങ്ങളിൽ തുപ്പരുത്. കൈ കാൽ നഖങ്ങൾ യഥാസമയം വെട്ടി വൃത്തിയായി വയ്ക്കുക. കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണം. പുറത്തു പോയി വന്നാൽ കാലും കൈകളും നന്നായി കഴുകി ശുദ്ധി വരുത്തണം. ആഹാരം കഴിക്കുന്നതിന് മുൻപ് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. ശരിയായ വിശ്രമവും സമീകൃതാഹാരവും അത്യാവശ്യമാണ്.
Tuesday, 19 July 2022
മങ്കി പോക്‌സ് അഥവാ വാനര വസൂരി
മങ്കി പോക്‌സ് അഥവാ വാനര വസൂരി
ഡോ ടി സുഗതൻ BHMS PGCR
9544606151
കേരളത്തിൽ വാനര വസൂരി അഥവാ മങ്കി പോക്സ് (Monkey pox) സ്ഥിരീകരിച്ചു. ഇന്ത്യയിലെ ആദ്യ കേസാണ് ഇന്ന് കേരളത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്. കൊല്ലം സ്വദേശിയായ 35 വയസ്സുള്ള പുരുഷനിലാണ് രോഗം കണ്ടെത്തിയത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച സാമ്പിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
മങ്കിപോക്സ് പകർച്ച വ്യാധിയാണ്. അതിനാൽ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. രോഗമുള്ളവരുമായി അടുത്ത സമ്പർക്കത്തിലുള്ളവർക്കാണ് പകരാൻ സാധ്യത. ശരീര സ്രവം വഴിയും രോഗം പകരും.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കി പോക്‌സ് അഥവാ വാനര വസൂരി. തീവ്രത കുറവാണെങ്കിലും 1980 ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958 ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970 ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനര വസൂരി ആദ്യമായി കണ്ടെത്തിയത്.
രോഗം പകരുന്നത് എങ്ങനെ?
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് മങ്കിപോക്സ് പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വാനര വസൂരി വൈറസ് കണ്ടെത്തിയിട്ടുണ്ട്. വന മേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗ ബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗ ബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗ ബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് വാനര വസൂരി വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.
പ്ലാസന്റ വഴി അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനന സമയത്തോ അതിനു ശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗ സംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്‌സിനേഷന്‍ നിര്‍ത്തലാക്കിയതിനാല്‍ പൊതുജനങ്ങളില്‍ വസൂരിക്കെതിരെയുള്ള പ്രതിരോധ ശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.
രോഗ ലക്ഷണങ്ങള്‍
പനി, തീവ്രമായ തലവേദന, കഴല വീക്കം, നടുവേദന, പേശി വേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈ കാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനു പുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജക്ടിവ, കോര്‍ണിയ എന്നീ ശരീര ഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. ആരോഗ്യനില, പ്രതിരോധ ശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ച് രോഗത്തിന്റെ ഗുരുതരാവസ്ഥയിൽ മാറ്റം വരാം. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നത്. അണുബാധകള്‍, ബ്രോങ്കോ ന്യുമോണിയ, സെപ്‌സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു.
Tuesday, 31 May 2022
Tribute to A M Raja "പാട്ടിന്റെ രാജാ" ശ്രീ എ എം രാജയുടെ മുപ്പത്തിമൂന്നാം...
https://youtu.be/RrHueGSd3aU
Monday, 16 May 2022
ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ്
ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ്
ഡോ ടി സുഗതൻ BHMS, PGCR
Homoeopathic physician
Mob : 9544606151
സംസ്ഥാനത്ത് ചില ജില്ലകളില്‍ ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി.) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാവര്‍ക്കും രോഗത്തെ പറ്റി അവബോധം ഉണ്ടായിരിക്കണം. ആശങ്കപ്പെടേണ്ട കാര്യമില്ല. പൊതുവില്‍ അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കിലും അപൂര്‍വമായി ഈ രോഗം മുതിര്‍ന്നവരിലും കാണാറുണ്ട്. ഈ രോഗത്തിന് അപകട സാധ്യത കുറവാണെങ്കിലും അപൂര്‍വമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമാകാം. അതിനാല്‍ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍ ധാരാളം വെള്ളം കൊടുക്കണം. മറ്റ് കുട്ടികള്‍ക്ക് ഈ രോഗം പകരാതെ ശ്രദ്ധിക്കണം.
എന്താണ് ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് ?
കുട്ടികളുടെ കൈ വെള്ളയിലും, പാദത്തിലും, വായിലും ചുണ്ടിലുമെല്ലാം കണ്ടു വരുന്ന Entero virus genus വിഭാഗത്തിൽ പെട്ട coxsackie virus ആണ് രോഗഹേതു. ഒരിനം വൈറസ് രോഗമാണ് ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ്. ഈ രോഗം തക്കാളിപ്പനി എന്ന പേരിലും അറിയപ്പെടാറുണ്ട്. രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനുള്ള കാലദൈർഖ്യം 3 മുതൽ 6 ദിവസമാണ്.
രോഗ ലക്ഷണങ്ങള്‍
പനിയും തൊണ്ടവേദനയുമാണ് ആദ്യ രോഗ ലക്ഷണം. തുടർന്ന് അധികരിച്ച പനിയോടൊപ്പം, ക്ഷീണം, സന്ധിവേദന, കൈ വെള്ളയിലും കാല്‍ വെള്ളയിലും വായ്ക്കകത്തും പൃഷ്ഠ ഭാഗത്തും കൈ കാല്‍ മുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കളും തടിപ്പുകളും എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. തൊണ്ടവേദന, വിശപ്പില്ലായ്മ, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം എന്നിവയും ഉണ്ടാകാം. ശക്തമായ തുടര്‍ച്ചയായ പനി, കഠിനമായ ക്ഷീണം, അസ്വസ്ഥത, കൈകാലുകളിലെ രക്ത ചംക്രമണത്തിനു തടസം എന്നീ ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കുക.
രോഗപ്പകര്‍ച്ച
രോഗ ബാധിതരില്‍ നിന്നും നേരിട്ടാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗം ബാധിച്ച കുഞ്ഞുങ്ങളില്‍ നിന്ന് മൂക്കിലേയും തൊണ്ടയിലെയും സ്രവം വഴിയോ, ഉമിനീര്‍, തൊലിപ്പുറമെയുള്ള കുമിളകളില്‍ നിന്നുള്ള സ്രവം, രോഗിയുടെ മലം തുടങ്ങിയവ വഴിയുള്ള സമ്പര്‍ക്കം വഴിയോ മറ്റൊരാളിലേക്ക് പകരുന്നു. രോഗികളായ കുഞ്ഞുങ്ങള്‍ തൊട്ട കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റും തൊടുന്നത് വഴി പോലും രോഗം പകരാം.
ചികിത്സ
സാധാരണ ഗതിയില്‍ ഒരാഴ്ച മുതല്‍ പത്ത് ദിവസം കൊണ്ട് രോഗം പൂര്‍ണമായും മാറും. രോഗം വന്ന് കഴിഞ്ഞാല്‍ ലക്ഷണങ്ങള്‍ക്കനുസരിച്ചാണ് ചികിത്സിക്കുന്നത്. കുഞ്ഞിന്റെ അസ്വസ്ഥത കുറയ്ക്കുന്നതിനും രോഗ ലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കും.
പരിചരണം
രോഗം വന്ന കുഞ്ഞുങ്ങളുടെ ശരീരം എപ്പോഴും വൃത്തിയായും ശുചിയായും സൂക്ഷിക്കണം. കുളിപ്പിക്കുമ്പോള്‍ തേച്ചുരച്ച് കുമിള പൊട്ടിക്കരുത്. വായ്ക്കകത്തെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ വൃത്തിയുള്ള തണുപ്പുള്ള ഭക്ഷണമെന്തെങ്കിലും കൊടുക്കാം. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണം. ദേഹത്തു വരുന്ന കുരുക്കള്‍ ചൊറിഞ്ഞു പൊട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ മറ്റു കുട്ടികള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത്.
പ്രതിരോധം
മലമൂത്ര വിസര്‍ജനത്തിനു ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും കൈകള്‍ നന്നായി സോപ്പുപയോഗിച്ച് കഴുകാന്‍ കുട്ടികളെ പഠിപ്പിക്കണം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍, വൈറസ് പടരാതിരിക്കാന്‍ മൂക്കും വായും മൂടുകയും ഉടന്‍ കൈ കഴുകുകയും വേണം. കുഞ്ഞിനെ ശുശ്രൂഷിക്കുന്നവര്‍ തൊടുന്നതിന് മുന്‍പും ശേഷവും കൈ സോപ്പിട്ട് കഴുകുക. ഇത് മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയും. രോഗ ബാധിതരായ കുട്ടികളെ അങ്കണവാടികളിലും സ്‌കൂളുകളിലും വിടരുത്. വീട്ടിലെ മറ്റ് കുട്ടികളുമായുള്ള ഇടപെടല്‍ ഈ കാലയളവില്‍ ഒഴിവാക്കുക.
Friday, 29 April 2022
Tribute to A M Raja
" പാട്ടിന്റെ രാജാ"
ഏപ്രിൽ 08
.
മലയാളികൾക്ക് ഒരു വസന്ത കാലത്തിന്റെ നൊമ്പര പൂക്കൾ നൽകി നമ്മെ വിട്ടു പോയ അനശ്വര ഗായകൻ ശ്രീ എ എം രാജയുടെ മുപ്പത്തിമൂന്നാം ചരമ വാർഷിക ദിനമാണ് ഏപ്രിൽ 08....
"പാട്ടിന്റെ രാജാ" എന്ന പേരിൽ ഞാൻ എഴുതിയ ഒരു പ്രോഗ്രാം ആകാശവാണി തിരുവനന്തപുരം/ തൃശൂർ/ ആലപ്പുഴ നിലയത്തിൽ....2022 ഏപ്രിൽ 08 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മുതൽ 2 മണി വരെ ..
Subscribe to:
Posts (Atom)