Blog Archive

Malayalam Blog Directory

http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs

Thursday, 15 December 2022

അഞ്ചാംപനി അഥവാ മിസിൽസ് വേനൽ കാലം കുറേയധികം രോഗങ്ങളുമായി നമ്മുടെ മുന്നിൽ കടന്നു വരുന്നു. സാധാരണയായി വേനൽ കാല രോഗങ്ങളുടെ പട്ടികയിലുണ്ടായിരുന്ന ചിക്കൻ പോക്സ്, അഞ്ചാംപനി എന്നിവ ഇപ്പോൾ മഴക്കാലത്തും ശൈത്യ കാലത്തും കണ്ടു വരുന്നു. മലപ്പുറം ജില്ലയിൽ ഇക്കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ വ്യാപകമായി അഞ്ചാംപനി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇപ്പോഴും നിയന്ത്രണ വിധേയമല്ലാതെ രോഗം പടർന്നു പിടിക്കുന്നു. മധ്യ വേനൽ അവധി കാലത്തിന്റെ കളി ചിരികളിലേക്ക് കടന്നു വരുന്ന വേനൽ കാല രോഗങ്ങളിൽ ഏറ്റവും കൂടുതലായി കണ്ടു വരുന്നതും കുട്ടികളെ ബാധിക്കുന്നതുമായ ഒട്ടനവധി രോഗങ്ങളുണ്ട്. ഇവ പ്രധാനമായും ജല ജന്യരോഗങ്ങളും വായു ജന്യരോഗങ്ങളുമാണ്. ഈ രോഗങ്ങളിൽ പ്രധാനവും കൂടുതൽ കണ്ടു വരുന്നതും ചൂടുകുരു, കരപ്പൻ, ചിക്കൻ പോക്സ്, അഞ്ചാംപനി, മുണ്ടിനീര്, ചെങ്കണ്ണ്, മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ, വയറിളക്കം, തുടങ്ങിയവയാണ്. ഇവ പെട്ടെന്ന് പടർന്നു പിടിക്കുന്നതും വളരെ കുറഞ്ഞ സമയ ദൈർഘ്യത്തിനുള്ളിൽ കൂടുതൽ ആൾക്കാരെ രോഗ ബാധിതരാക്കാൻ കഴിയുന്നതുമാണ്. വായുവിൽ കൂടി വളരെ വേഗം പടർന്നു പിടിക്കുന്ന സാംക്രമിക രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് അഞ്ചാംപനി. വളരെ പെട്ടെന്നു പകരാൻ സാധ്യതയുള്ള രോഗമായതിനാൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അഞ്ചാംപനി അഥവാ മിസിൽസ് കൊച്ചു കുട്ടികളിൽ സാധാരണയായി കണ്ടു വരുന്ന ഒരു പകർച്ച വ്യാധിയാണ്. മണ്ണൻ, പൊങ്ങമ്പനി എന്നീ പേരുകളിലും നാട്ടിൻ പുറങ്ങളിൽ അറിയപ്പെടുന്നു. സാധാരണയായി അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലാണ് കൂടുതലായി കണ്ടു വരുന്നത്. എന്നാൽ മുല കുടിക്കുന്ന ആറു മാസം വരെയുള്ള ശിശുക്കളിൽ അമ്മയിൽ നിന്നു ലഭിക്കുന്ന മുലപ്പാലിലുള്ള പ്രതിരോധ ശേഷി നിലനിൽക്കുന്നതിനാൽ അഞ്ചാംപനി ബാധിക്കാറില്ല. സാധാരണ കുട്ടികളെ ബാധിക്കുന്ന ഈ രോഗം പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ തന്നെ ശമിക്കും. എന്നാൽ രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലും, ഗർഭിണികളിലും, മുതിർന്നവരിലും, ശരിയായ രോഗ ചികിത്സയുടെ അഭാവത്തിലും രോഗം മൂർച്ഛിച്ചു മാരകാവസ്ഥയിലെത്താം. ഒരിക്കൽ രോഗം വന്നു കഴിഞ്ഞാൽ ആജീവനാന്തം രോഗ പ്രതിരോധ ശേഷി നിലനിൽക്കുന്നതിനാൽ വീണ്ടും രോഗം വരാറില്ല. പാരമിക്സോ വൈറസ് വിഭാഗത്തിൽപ്പെട്ട ആർ.എൻ.എ വൈറസുകളാണ് രോഗ ഹേതു. രോഗിയുടെ മൂക്കിലും വായിലും തൊണ്ടയിലും ഈ വൈറസുകൾ ധാരാളം ഉള്ളതു കൊണ്ട് രോഗി സംസാരിക്കുമ്പോഴും തുമ്മുമ്പോഴും ധാരാളം വൈറസുകൾ പുറത്തേക്ക് വമിച്ചു കൊണ്ടിരിക്കും. ഈ അണുക്കൾ രോഗിയുടെ ചുറ്റുമുള്ള വായുവിൽ തങ്ങി നിൽക്കുകയും ഇവ ഉൾക്കൊള്ളുന്ന വായു ശ്വസിക്കുന്നതു മൂലം രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പ്രവേശിക്കുകയും രോഗ ബാധിതരാകുകയും ചെയ്യുന്നു. രോഗം പ്രകടമാക്കാനുള്ള കാല ദൈർഖ്യം അഞ്ചു മുതൽ 14 ദിവസമാണ്. രോഗ ലക്ഷണങ്ങൾ ജലദോഷം, ശക്തമായ പനി, ചുമ, കണ്ണു ചുമന്നു വെള്ളം വരിക, കൺപോളകൾക്ക് വീക്കം, വെളിച്ചത്തിൽ നോക്കാൻ പ്രയാസം, ശക്തമായ ക്ഷീണം, വിശപ്പില്ലായ്മ മുതലായവയാണ്. മൂന്നു മുതൽ നാലു ദിവസം നീണ്ടു നിൽക്കുന്ന ഈ രോഗ ലക്ഷണങ്ങൾക്കു ശേഷം വായ്ക്കുള്ളിലും ശരീരത്തിലും മണൽ തരികൾ വാരി വിതറിയതു പോലുള്ള കുരുപ്പുകൾ കാണപ്പെടുന്നു. രോഗാരംഭത്തിന്റെ അഞ്ചാം നാൾ വായ്ക്കുള്ളിലെ അണപ്പല്ലുകളുടെ അവസാനം ശ്ലേഷ്മ സ്തരത്തിൽ കാണപ്പെടുന്ന ചെറിയ ചുവന്ന കുരുപ്പുകൾ രോഗ നിർണ്ണയത്തിന് പ്രധാനമാണ്. രോഗിക്കു ചെറിയ തോതിൽ തൊണ്ട വേദന അനുഭവപ്പെടുന്നു. ഇതേ കുരുപ്പുകൾ കണ്ണിലും മറ്റ് ആന്തരാവയവ ശ്ലേഷ്മ സ്തരങ്ങളിലും കാണപ്പെടുന്നു. ശരീരത്തിലുള്ള തിണർപ്പുകൾ ആദ്യം നെറ്റിയിലും ചെവിയുടെ പുറകിലും തുടർന്നു മുഖം, കഴുത്ത്, നെഞ്ച്, കൈ കാലുകൾ എന്നീ ക്രമത്തിൽ കാണപ്പെടുന്നു. കൂടുതലായി മുഖം, നെഞ്ച് ഭാഗങ്ങളിൽ കാണപ്പെടുന്ന തിണർപ്പുകൾ മൂന്ന് ദിവസം കൊണ്ടു മാറി പോകുന്നു. രോഗം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ രോഗിയെ മറ്റുള്ളവരിൽ നിന്നു മാറ്റി പാർപ്പിക്കേണ്ടതാണ്. ശരീരത്തിൽ കുരുപ്പുകൾ കണ്ടു കഴിഞ്ഞു മൂന്നു മുതൽ അഞ്ചു ദിവസം വരെ രോഗ പകർച്ചയ്ക്കു ഏറെ സാധ്യതയുള്ള സമയമാണ്. ഗർഭ കാലത്തിന്റെ ആദ്യഘട്ടങ്ങളിൽ ഈ രോഗം ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുകയും പ്രതിരക്ഷാ (immunization) നടപടികളെടുക്കുകയും വേണം. രോഗം ബാധിച്ച കുട്ടികളെ ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും സ്കൂളിൽ വിടാതിരിക്കുക. മറ്റു കുട്ടികളോട് കളിക്കാൻ വിടാതിരിക്കുക. ഉമിനീരിലൂടെയാണ് രോഗാണുക്കൾ മറ്റുള്ളവരിലേക്കും പകരുക എന്നതിനാൽ രോഗി ഉപയോഗിച്ച ടവ്വൽ, പാത്രം മുതലായവ ചൂടു വെള്ളത്തിൽ കഴുകി നല്ല വെയിലിൽ ഉണക്കിയെടുത്തു പ്രത്യേകം കൈകാര്യം ചെയ്യണം. രോഗി ഉപയോഗിച്ച മുറി, കിടക്ക, ശുചിമുറി ഇവിടങ്ങളിൽ അണുനാശിനി ഉപയോഗിച്ചു വൃത്തിയാക്കുകയും വീടൂം പരിസരവും ശുചിയായി സൂക്ഷിക്കുകയും വേണം. രോഗം വന്നാൽ പുറത്തിറങ്ങി നടക്കുക, പൊതു വാഹനങ്ങളിൽ സഞ്ചരിക്കുക, രോഗ വിവരം മറ്റുള്ളവരിൽ നിന്നു മറച്ചു വച്ചു സമൂഹത്തിലിറങ്ങി രോഗം മറ്റുള്ളവർക്ക് പരത്തുകയല്ല. മറിച്ചു അടിയന്തരമായി വൈദ്യ സഹായം തേടുകയും രോഗം പകരുന്നതു തടയുകയുമാണ് വേണ്ടത്. ശരിയായ രോഗ നിർണ്ണയവും ശരിയായ ഔഷധ പ്രയോഗവും കൊണ്ട് യാതൊരു വിധ പാർശ്വ ഫലങ്ങളും ഇല്ലാതെ വളരെ കുറഞ്ഞ ദിവസത്തെ ഹോമിയോപ്പതി ഔഷധ സേവയിലൂടെ രോഗം പൂർണ്ണമായി ചികിത്സിച്ചു മാറ്റാവുന്നതാണ്. രോഗം വരാതിരിക്കാനായി ഹോമിയോ പ്രതിരോധ ഔഷധവും ഫലപ്രദമാണ്. മറ്റ് രോഗങ്ങൾക്ക് എന്നതു പോലെ തന്നെ ഹോമിയോപ്പതിയിൽ അഞ്ചാംപനിയ്ക്ക് ഫലപ്രദമായ മരുന്നുണ്ട്. രോഗിയെ പൂർണ്ണമായി മനസ്സിലാക്കി രോഗിയുടെ ശാരീരികവും മാനസികവുമായ എല്ലാ രോഗ ലക്ഷണങ്ങളും കോർത്തിണക്കി അവയ്ക്ക് അനുയോജ്യമായ ഒരു മരുന്നു കണ്ടെത്തി അതിന്റെ ശരിയായ ആവർത്തനത്തിലും അളവിലും സമയ ക്രമത്തിലും കഴിച്ചാൽ രോഗ ശാന്തി ലഭിക്കും. രോഗിയുടെ ജീവിത സാഹചര്യം, രോഗ ലക്ഷണങ്ങൾ അധികരിക്കുന്ന ചുറ്റുപാട്, കാലാവസ്ഥയിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ ഇവയൊക്കെ രോഗ നിർണ്ണയത്തിനും അതു വഴി ഔഷധ നിർണ്ണയത്തിനും പ്രധാനമാണ്. ഹോമിയോപ്പതി തത്വമനുസരിച്ച് രോഗത്തെയല്ല മറിച്ച് രോഗിയെ ആണ് ഡോക്ടർ ചികിത്സിക്കുന്നത് എന്നതിൽ തന്നെ ഈ ചികിത്സ സമ്പ്രദായത്തിന്റെ മഹത്വം അടങ്ങിയിരിക്കുന്നു. ഹോമിയോ മരുന്നുകൾ രോഗാരംഭത്തിൽ തന്നെ കൊടുത്തു തുടങ്ങണം. രോഗിയുടെ സ്ഥിരമായ രോഗ ശമനത്തിന് പ്രാധാന്യം നൽകുന്ന ഹോമിയോപ്പതി ചികിത്സ നിർണയത്തിന് ഓരോ രോഗിയുടെയും ശാരീരിക- മാനസിക രോഗ ലക്ഷണങ്ങൾ ശരിയായി മനസിലാക്കി മാത്രമേ മരുന്ന് തിരഞ്ഞെടുക്കാൻ കഴിയൂ. അതു കൊണ്ടു തന്നെ സ്വയം ചികിത്സ നന്നല്ല. ഒരു ഹോമിയോ ഡോക്ടറുടെ മേൽനോട്ടത്തിൽ വേണം മരുന്ന് കഴിക്കേണ്ടത്. ശരിയായ മരുന്ന് കഴിക്കുകയും, മതിയായ വിശ്രമവും, ധാരാളം വെള്ളം കുടിക്കുക, പഴവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങി ലഘുവായ ഭക്ഷണ രീതികൾ സ്വീകരിക്കുകയും ചെയ്തു അഞ്ചാംപനി സുഖപ്പെടുത്താം. രോഗത്തിനു ശരിയായ മരുന്നു തിരഞ്ഞെടുക്കുന്നതിൽ മാത്രമല്ല ആ മരുന്നിന്റെ ആവർത്തനം, അതു കഴിക്കേണ്ട സമയം, ആ മരുന്നിന്റെ കൂട്ടത്തിൽ കഴിക്കാൻ പാടുള്ളതും പാടില്ലാത്തതുമായ മറ്റു മരുന്നുകളുടെ ക്രമം, ആഹാര രീതികൾ ഇവയൊക്കെ വ്യക്തമായി ഹോമിയോ ഡോക്ടർ മനസ്സിലാക്കിയിരിക്കും ഇവയൊക്കെ വ്യക്തമായി രോഗിക്കു പറഞ്ഞു കൊടുക്കുകയും ചെയ്യും. ഡോക്ടർ പറഞ്ഞു തന്ന വിവരങ്ങൾ രോഗി ശരിയായി പാലിക്കപ്പെടുകയും വേണം. മരുന്നു കഴിക്കേണ്ട ദിവസവും സമയവും തെറ്റാതിരിക്കുക. മറ്റു മരുന്നുകൾ കൂട്ടത്തിൽ കഴിക്കാതിരിക്കുക. പെട്ടെന്നുണ്ടാകുന്ന അസുഖങ്ങൾക്ക് ഇടവിട്ട ഔഷധ സേവയാകും ഡോക്ടർ നിർദേശിക്കുക. ഒന്നോ രണ്ടോ മണിക്കൂർ ഇടവിട്ട് കഴിക്കേണ്ടി വരുന്ന മരുന്നുകൾ സമയം തെറ്റാതെ കൊടുക്കണം. രോഗം മാറിയെന്നു മനസ്സിലായാൽ പോലും ഡോക്ടറുടെ ഉപദേശമനുസരിച്ചു മാത്രം മരുന്നു കഴിക്കുന്നതു നിറുത്തുക. മരുന്ന് ഉപയോഗിക്കുന്നത് കഴിയുന്നിടത്തോളം വെറും വയറ്റിലോ അല്ലെങ്കിൽ ആഹാരത്തിനു അര മണിക്കൂറിനു ശേഷം മാത്രം. ഹോമിയോപ്പതി ഔഷധങ്ങൾ സേവിക്കുമ്പോൾ ആഹാര ക്രമത്തിലും ജീവിതചര്യയിലും നിയന്ത്രണം വേണ്ടതാണ്. ആഹാര ക്രമം വ്യക്തികൾക്കും അസുഖങ്ങൾക്കും അനുസരിച്ചു വ്യത്യസ്തമായിരിക്കും. ഹോമിയോപ്പതി കുറെ മരുന്നുകളുടെ വെറുമൊരു ശേഖരമല്ല. മറിച്ചു യുക്തി യുക്തമായ ഒരു ത്വത്തചിന്തയിൽ അധിഷിഠിതമായ പുതിയൊരു ശാസ്ത്രമാണ് എന്നു രവീന്ദ്രനാഥ ടാഗോറിന്റെ വാക്കുകൾ ഹോമിയോപ്പതി ചികിൽസയെ കുറിച്ചു ജനങ്ങൾ ഇനിയും ഏറെ മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്ന സത്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. പകർച്ച വ്യാധികൾ വ്യാപകമാകുന്നതിന്റെ പ്രധാന കാരണം പരിസര മലിനീകരണവും വ്യക്തി ശുചിത്വമില്ലായ്മയുമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മലിനജലം കെട്ടി കിടക്കാൻ അനുവദിക്കരുത്. പൊതു സ്ഥലത്തു പാഴ് വസ്തുക്കൾ വലിച്ചെറിഞ്ഞു പരിസരം വൃത്തികേടാക്കാതിരിക്കുക. ജലദോഷം ചുമ ഇവയുളളപ്പോൾ വൃത്തിയുള്ള തൂവാല കൈയിൽ കരുതണം. തുമ്മുക, മൂക്ക് ചീറ്റുക, ചുമയ്ക്കുക തുടങ്ങിയ അവസരങ്ങളിൽ തൂവാല കൊണ്ട് മൂക്കും വായും മൂടി പിടിക്കണം. രോഗാണുക്കൾ അന്തരീക്ഷത്തിൽ പടരാതിരിക്കാൻ ഇത് സഹായിക്കും. പൊതു സ്ഥലങ്ങളിൽ തുപ്പരുത്. കൈ കാൽ നഖങ്ങൾ യഥാസമയം വെട്ടി വൃത്തിയായി വയ്ക്കുക. കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണം. പുറത്തു പോയി വന്നാൽ കാലും കൈകളും നന്നായി കഴുകി ശുദ്ധി വരുത്തണം. ആഹാരം കഴിക്കുന്നതിന് മുൻപ് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. ശരിയായ വിശ്രമവും സമീകൃതാഹാരവും അത്യാവശ്യമാണ്.

No comments:

Post a Comment