നയന രോഗങ്ങള്‍
Dr. T.Sugathan B.H.M.S,P.G.C.R
Dr. T.Sugathan B.H.M.S,P.G.C.R
![]() |
കണ്‍കുരുവിന് പിന്നില്‍ താരനും പേനും
കണ്ണുകളുടെ ഭംഗിക്ക് നമ്മള് നല്കുന്ന പ്രാധാന്യം പലപ്പോഴും കണ്ണുകളുടെ ആരോഗ്യത്തിന് നല്‍കാറില്ല എന്നതാണ് സത്യം. കണ്ണിനുണ്ടാകുന്ന പല രോഗങ്ങളും ചികിത്സിക്കാതെ നിസ്സാരമായി കരുതുകയാണ് പതിവ്. ഇത് അപകടമാണ്. കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍ ഉടന്‍ തന്നെ ചികിത്സിച്ചില്ലെങ്കില്‍ അത് അന്ധതയ്ക്കു വരെ കാരണമായി തീര്‍ന്നേക്കാം. ഇന്ത്യയില്‍ ഏകദേശം പതിനഞ്ച് ലക്ഷം അന്ധതബാധിച്ചവരുണ്ട് എന്നാണ് കണക്ക്. നേത്രസംരക്ഷണം ഗര്‍ഭസ്ഥശിശുവില്‍ തന്നെ ആരംഭിക്കണം. ഗര്‍ഭകാലത്തിന്റെ ആരംഭത്തില്‍ ജര്‍മ്മന്‍ മീസില്‍സ്, ചിക്കന്‍ പോക്സ്, മുതലായ വൈറസ് രോഗങ്ങള്‍ പിടിപെടുന്ന അമ്മമാര്‍, അമ്മമാരിലെ പോഷകഹാരക്കുറവ് ഇവയൊക്കെ കുട്ടികളില്‍ പല വിധ വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു. ഇതില്‍ പ്രധാനമാണ് അന്ധത. നവജാതശിശുക്കളുടെ കണ്ണില്‍ നിന്ന് പഴുപ്പോ, വെള്ളമോ വരികയാണെങ്കില്‍ ഉടന്‍ ഡോക്ടറെ കാണിക്കണം.
കുട്ടികളില്‍ കോങ്കണ്ണ്, കാഴ്ചക്കുറവ്, കണ്ണുവേദന, കണ്ണ് പകുതി അടഞ്ഞിരിക്കുക, കണ്ണുകള്‍ തമ്മില്‍ വലുപ്പവ്യത്യാസം, കണ്പോളകള്ക്ക് തടിപ്പ്, ചൊറിച്ചില്‍, കണ്പീലികള് കൊഴിയുക ഇവയൊക്കെ അടിയന്തിര ശ്രദ്ധകൊടുക്കേണ്ടതാണ്. നേത്രരോഗങ്ങള്‍ യഥാവിധി ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി ചികിത്സിച്ച് ഭേദമാക്കേണ്ടതാണ്. ഗുരുതരമായ നേത്രരോഗങ്ങള്‍ വളരെ പെട്ടെന്നു തന്നെ അന്ധതയുണ്ടാക്കും. നേത്രരോഗങ്ങള്‍ക്ക് ഹോമിയോപ്പതിയിലും വളരെ ഫലപ്രദമായ മരുന്നുകളുണ്ട്. സാധാരണയായി കണ്ടു വരുന്ന കണ്‍കുരു, തിമിരം, ,ചെങ്കണ്ണ്, എന്നിവയ്ക്ക് പാര്‍ശ്വഫലങ്ങളില്ലാതെ, കുറഞ്ഞ ദിവസത്തിനുള്ളില്‍ ഭേദമാക്കാന്‍ ഹോമിയോ മരുന്നുകള്‍ കൊണ്ട് സാധിക്കുന്നു.
ജീവിതത്തില്‍ ഒരു തവണയെങ്കിലും കണ്‍കുരു വരാത്തവര്‍ ചുരുക്കമായിരിക്കും. അണുബാധകൊണ്ട് കണ്പോളകളില് ചെറിട കുരുവായി വന്ന് പഴുത്തു പൊട്ടുന്നു. കണ്ണില്‍ വേദന അനുഭവപ്പെടുന്നു. പഴുപ്പു പുറത്തു പോയാല്‍ തനിയെ ഭേദമാകുന്നു. അതുകൊണഅട് തന്നെ ചികിത്സയും ആവശ്യമില്ല. ഈ ഭാഗത്ത് ചെറുചൂടു കൊടുക്കുന്നത് ആശ്വാസം നല്‍കും.
കുട്ടികളിലും ചെറുപ്പക്കാരിലും കണ്‍കുരു കൂടുതലായി കണ്ടു വരുന്നു. എന്നാല്‍ കൂടുതലായി കണ്‍കുരു വരുന്നത് ശ്രദ്ധിക്കണം. പ്രമേഹത്തിന് മുന്നോടിയായി ഈ അവസ്ഥ കണ്ടു വരുന്നു. ശുചിത്വമില്ലായ്മ, തലയിലെ പേന്‍, താരന്, കാഴ്ചശക്തിയിലെ തകരാറുകള്‍, തുടങ്ങിയവ കണ്‍കുരുവിന് കാരണമാകുന്നു. പള്‍സാറ്റില, തൂജ, സൈലീഷ്യ, കോസ്റ്റിക്കം, അലുമിന, ലൈക്കോപോഡിയം, ഹെപ്പാര്‍ സള്‍ഫ്, മെര്‍ക്കൂറിയസ്, സള്‍ഫര്‍, സ്റ്റാനം, ഫോസ്ഫറസ്, എന്നീ മരുന്നുകള്‍ കണ്‍കുരുവിന് ഫലപ്രദമാണ്.
കണ്ണിനുള്ളിലെ ലെന്‍സിന്റെ സുതാര്യത നഷ്ടപ്പെട്ട് കാഴ്ചയ്ക്ക് മങ്ങലേല്‍ക്കുന്നതാണ് തിമിരം. പ്രായമായവരില്‍ മാത്രം കണ്ടു വരുന്ന രോഗമാണ് തിമിരം എന്നൊരു ധാരണ പൊതുവെയുണ്ട്. എന്നാല്‍ ജര്‍മ്മന്‍ മീസില്‍സ്, ചിക്കന്‍ പോക്സ്, തുടങ്ങിയ രോഗങ്ങള്‍ ഗര്ഭിണിക്കുണ്ടെങ്കില് ജനിക്കുന്ന കുഞ്ഞിന് ആറു മാസത്തിനും പത്തുമാസത്തിനുമിടയില് തിമിരം ബാധിക്കാം. സാധാരണയായി അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ളവരിലാണ് പ്രമേഹം കൂടുതലായി കണ്ടു വരുന്നത്. പാരമ്പര്യമായും രോഗം വരും. രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗാവസ്ഥകളുടെ അനന്തരഫലമായും രോഗം കണ്ടു വരുന്നു. തിമിരത്തിന്റെ ആദ്യഘട്ടത്തില്‍ ഹോമിയോ മരുന്നുകള്‍ ഫലപ്രദമാണ്. സിനറേറിയ മരിറ്റിമ സക്കസ് എന്ന മരുന്ന് ഒരു തുള്ളി വീതം രണ്ടു നേരം കണ്ണിലൊഴിക്കാം. കൂടാതെ ആസിഡ് ഫ്ളോര്‍, ഫോസ്ഫറസ്, കല്ക്കേറിയ ഫോസ് എന്നീ മരുന്നുകളും ഉള്ളില്‍ കഴിക്കാവുന്നതാണ്.
വേനല്‍ക്കാലത്ത് സാധാരണയായി കണ്ടു വരുന്ന വളരെ പെട്ടെന്ന് പടര്‍ന്നു പിടിക്കുന്ന നേത്രരോഗമാണ് ചെങ്കണ്ണ്. കണ്ണിന്റെ വെളുത്ത ഭാഗത്തെ പൊതിഞ്ഞിരിക്കുന്ന സുതാര്യ പടലത്തെ ബാധിക്കുന്ന രോഗമാണ് ചെങ്കണ്ണ്. വൈറസുകള്‍ രോഗഹേതുവാകുന്ന ചെങ്കണ്ണിന്റെ രോഗലക്ഷണങ്ങള്‍ ഒന്നു മുതല്‍ രണ്ടു ദിവസത്തിനുള്ളില്‍ പ്രത്യക്ഷപ്പെടും. രോഗിയില്‍ വളരെയധികം അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്ന ചെങ്കണ്ണുണ്ടാകുന്നതിന് പ്രധാനമായും മൂന്നു കാരണങ്ങളുണ്ട്.
വൈറസുകളാണ് പ്രധാനമായും ചെങ്കണ്ണുണ്ടാക്കുന്നത്. അപൂര്‍വ്വമായി ബാക്ടീരിയയും രോഗകാരിയാകാറുണ്ട്.
ചില പ്രത്യേക വസ്തുക്കളുടെ സമ്പര്‍ക്കം മൂലമുണ്ടാകുന്ന അലര്‍ജിക്ക് ചെങ്കണ്ണ്. ചില രാസപദാര്‍ത്ഥങ്ങളുടെ പുക, പൈപ്പ് വെള്ളത്തിലും നീന്തല്‍ കുളങ്ങളിലും, കലര്‍ന്നിട്ടുള്ള ക്ലോറിന്റെ സമ്പര്‍ക്കം മൂലമുണ്ടാകുന്ന ചെങ്കണ്ണ്.
കണ്ണിന് ചുവപ്പ്, ചൊറിച്ചില്‍, കണ്ണില്‍ മണല്‍ത്തരി വീണാലുണ്ടാകുന്നതുപോലെയുള്ള അസ്വസ്ഥത, വെള്ളം നിറയുക, കണ്പോളകളില് തടിപ്പ്, പ്രകാശത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്, കണ്ണഇല് നിന്ന് പഴുപ്പ് വരിക, ചെറിട വേദന, ഇവയൊക്കെയാണ് ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍.
രോഗലക്ഷണങ്ങള്‍ ഒരു കണ്ണില്‍ ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലോ, ഒരു ദിവസത്തിനുള്ളിലോ മറ്റേ കണ്ണിലേക്കും വ്യാപിക്കുന്നു. സാധാരണയായി മൂന്നു ദിവസം മുതല്‍ ഒരാഴ്ച വരെ രോഗം നീണ്ടു നില്ക്കും.വൈറസ് മുഖേന പടര്‍ന്നു പിടിക്കുന്ന രോഗങ്ങള്‍ക്ക് ഹോമിയോ മരുന്നുകള്‍ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മറ്റ് രോഗങ്ങളെപ്പെലെ തന്നെ ചെങ്കണ്ണിനും ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സയുണ്ട്.
യൂഫ്രേഷ്യ മാതൃസത്ത് ശുദ്ധജലത്തില്‍ 1:9 എന്ന അനുപാതത്തില്‍ ചേര്‍ത്ത് രണ്ടു തുള്ളി മരുന്നു വീതം മൂന്ന് മണിക്കൂര്‍ ഇടവിട്ട് കണ്ണിലൊഴിക്കാം. കൂടാതെ, അക്കോണൈറ്റ്, ബെല്‍ഡോണ, മെര്‍ക്കൂറിയസ്, പള്‍സാറ്റില, അര്‍ജന്റം നൈട്രിക്കം, ആലിയം സീപ്പ, എപ്പിസ് മേല്‍, ജെല്‍സീമിയം, സള്‍ഫര്‍, മെര്‍ക് സോള്‍, ആര്‍സ് ആല്‍ബ്, റക്സ് ടോക്സ്, കാലി ബൈക്, ഇവയില്‍ നിന്ന് ലക്ഷണയുക്തമായ ഒരു മരുന്ന് തിരഞ്ഞെടുത്തു ഉള്ളില്‍ കഴിക്കുകയും വേണം.
ചെങ്കണ്ണിനെ പ്രതിരോധിക്കാനും ഫലപ്രദമായ ഹോമിയോമരുന്നുകളുണ്ട്. സീസണലായി പടര്‍ന്നു പിടിക്കുന്ന അവസരത്തില്‍ റക്സ് ടോക്സ്, യൂഫ്രേഷ്യ, ജെല്‍സീമിയം എന്നീ മരുന്നുകളുടെ ആവര്‍ത്തനം ദിവസവും മൂന്നു നേരം കഴിക്കുകയും യൂഫ്രേഷ്യ തുള്ളിമരുന്ന് കണ്ണിലൊഴിക്കുകയും ചെയ്താല്‍ രോഗം വരാതെ തടയാം. രോഗിയുടെ സ്പര്‍ശനം, രോഗി കൈകാര്യം ചെയ്ത ടൗവ്വല്, സോപ്പ് മറ്റു വസ്തുക്കള്‍ ഇവയിലൂടെ രോഗകാരികളായ വൈറസുകള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് വളരെ വേഗം പടരുന്നു. രോഗി പൊതുസ്ഥലങ്ങളില്‍ പോകാതിരിക്കുകയാണ് രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള ഉചിതമായ മാര്‍ഗ്ഗം. രോഗിക്ക് വെളിച്ചത്തില്‍ നോക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കറുത്ത കണ്ണട ഉപയോഗിക്കുന്നതും നല്ലതാണ്.
കണ്ണട ഉപടോഗിക്കുന്നതിലൂടെ പൊടിപടലങ്ങളില്‍ നിന്നും കണ്ണിനെ സംരക്ഷിക്കാനും കഴിയുന്നു. രോഗി ചെറു ചൂടുവെള്ളം കൊണ്ട് ഇടയ്ക്കിടെ കണ്ണുകള്‍ കഴുകുന്നതും നല്ലതാണ്. ഹോമിയോ മരുന്നുകള്‍ കഴിക്കുകയും കണ്ണിലൊഴിക്കുകയും ചെയ്യുന്നതു കൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നില്ല എന്നു മാത്രമല്ല വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അതായത് രോഗം ആരംഭിച്ചു കഴിഞ്ഞാല്‍ രണ്ടു മുതല്‍ നാലു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗം പൂര്‍ണ്ണമായി ഭേദമാക്കാനും കഴിയും.
രോഗിക്ക് യാതൊരു ക്ഷീണമോ, മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ ഉണ്ടാകുന്നില്ല. നേത്രസംരക്ഷണത്തിന് മാംസ്യവും ജീവകങ്ങളും കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍, ആവശ്യത്തിന് ഉറക്കം, ക്രമമായ വ്യായാമം, സംഘര്‍ഷരഹിതമായ ജീവിതം, കൃത്രിമ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കുക, വ്യക്തി ശുചിത്വം പാലിക്കുക, കൈകള്‍ വൃത്തിയായി സൂക്ഷിക്കുക, രോഗി ഉപയോഗിച്ച കണ്ണട, തൂവാല, പേന ഇവ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക.
|
നയന രോഗങ്ങള്‍
ReplyDelete