Blog Archive

Malayalam Blog Directory

http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs

Saturday, 5 October 2013

മുണ്ടിനീരിന്‌ ഹോമിയോ ​Dr. T.Sugathan B.H.M.S, P.G.C.R ഉമിനീര്‍ ഗ്രന്ഥിയില്‍ വരുന്ന വീക്കമാണ്‌ മുണ്ടിനീര്‌, സാംക്രമിക രോഗങ്ങളില്‍ പ്രധാനപ്പെട്ടതും സാധാരണയായി വേനല്‍ക്കാലത്തു കൂടുതലായി പടര്‍ന്നു പിടിക്കുന്നതുമായ ഒന്നാണ്‌ മുണ്ടി നീര്‌. കേരളത്തിലെ മലയോരമേഖലകളില്‍ പലയിടത്തും ഇപ്പോള്‍ മുണ്ടി നീര്‌ പടര്‍ന്നു പിടിക്കുകയാണ്‌. ഗ്രന്ഥികളെ ബാധിക്കുന്നുനമ്മുടെ വായ്‌്‌ക്കുള്ളില്‍ ഉമിനീര്‍ ഉത്‌പാദിപ്പിക്കുന്നത്‌ ഉമിനീര്‍ ഗ്രന്ഥികളാണ്‌. ഇവ വായുടെ ഇരുവശത്തുമായി ആറ്‌ ഗ്രന്ഥികളുമായി കാണപ്പെടുന്നു. ഓരോ വശത്തും മൂന്നു വീതം. ഇവയില്‍ പരോറ്റിഡ്‌ ഗ്രന്ഥി ചെവിയുടെ താഴെയായി കാണപ്പെടുന്നു. താടിയെല്ലിന്റെ അടിയിലായി സബ്‌ മാന്‍ഡിബുലാര്‍ ഗ്രന്ഥിയും നാവിന്റെ അടിയിലായി സബ്‌ ലിംഗ്വല്‍ ഗ്രന്ഥിയും കാണപ്പെടുന്നു. ഇവയില്‍ പ്രധാനപ്പെട്ടതും വലുതുമായ പരോറ്റിഡ്‌ ഗ്രന്ഥിയെയാണ്‌ സാധാരണയായി രോഗം ബാധിച്ചു കാണപ്പെടുന്നത്‌. അതിനാല്‍ മുണ്ടിനീരിനെ പരോറ്റിഡൈറ്റിസ്‌ എന്നും പറയുന്നു. സാധാരണയായി കുട്ടികളില്‍ മാത്രമായി കണ്ടു വരുന്നതും, ഒരിക്കല്‍ വന്നാല്‍ ജീവിതാന്ത്യം വരെ പ്രതിരോധശേഷി നിലനില്‍ക്കുന്നതുമാണ്‌ മുണ്ടിനീര്‌. വളരെ അപൂര്‍വമായി മാത്രം മുതിര്‍ന്നവരിലും രോഗം കണ്ടുവരുന്നു. വീട്ടിലോ സ്‌കൂളിലോ ഒരു കുട്ടിക്ക്‌ രോഗബധയുണ്ടായാല്‍ മറ്റ്‌ കുട്ടികളിലേക്കും രോഗം അതിവേഗം പടര്‍ന്നു പിടിക്കും. രോഗാണു പാരാമിക്‌സോ വൈറസ്‌ വിഭാഗത്തില്‍പ്പെട്ട മംപ്‌സ്‌ വൈറസ്‌ ആണ്‌. ഈ വൈറസുകള്‍ രോഗിയുടെ ഉമിനീരിനല്‍, അസുഖെ തുടങ്ങുന്നതിനു ഏഴു ദിവസം മുമ്പും അസുഖം മാറിയതിനു ശേഷം എട്ട്‌ ദിവസവും കാണപ്പെടുന്നു. അതുകൊണ്ട്‌ ഈ ദിവസങ്ങളിലാണ്‌ രോഗപകര്‍ച്ച അധികമായി സംഭവിക്കുന്നത്‌. ലക്ഷണങ്ങള്‍ രോഗം പ്രത്യക്ഷപ്പെടാനുള്ള സമയദൈര്‍ഘ്യം 12 മുതല്‍ 21 ദിവസമാണ്‌. വായു മാര്‍ഗമാണ്‌ രോഗം ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക്‌ പകരുക. സ്‌പര്‍ശനത്തിലൂടെയും രോഗാണുക്കള്‍ നിറഞ്ഞ വസ്‌തുക്കള്‍ കൈകാര്യം ചെയ്യുന്നതിലൂടെയും രോഗം പകരുന്നു. രോഗാരംഭത്തില്‍ തലവേദനയോടുകൂടിയ ചെറിയ പനി, മൂക്കൊലിപ്പ്‌, വായതുറക്കാന്‍ പ്രയാസമനുഭവപ്പെടുകയും തൊണ്ട വരള്‍ച്ചയും ഒരു ചെവിയുടെ താഴെയായി ചെറിയ വീക്കവും കാണപ്പെടുന്നു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പനി കൂടുകയും വീക്കം തൊണ്ടയുടെ ഇരുവശങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യും. കടുത്ത വേദനയും അനുഭവപ്പെടും. രോഗിക്കു വായ തുറക്കാനോ ആഹാരം കഴിക്കാനോ കഴിയാത്ത അവസ്ഥയുണ്ടാകുന്നു. നാലു മുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ രോഗം മൂര്‍ധന്യാവസ്ഥയിലെത്തുന്നു. അഞ്ചു മുതല്‍ ഏഴ്‌ ദിവസത്തിനുള്ളില്‍ പനിയും നീരും വേദനയുമൊക്കെ കുറയുകയും രോഗി സുഖം പ്രാപിക്കുകയും ചെയ്യുന്നു. സാധാരണഗതിയില്‍ യാതൊരു വിധ പാര്‍ശ്വഫലങ്ങളും സങ്കീര്‍ണതകളും ഇല്ലാതെ കടന്നു പോകുന്ന രോഗാവസ്ഥ ശരിയായ ചികിത്സ ലഭിക്കാതിരിക്കുക വഴി പുരുഷന്മാരില്‍ വൃഷണ വീക്കം അഥവാ ഓര്‍ക്കൈറ്റിസ്‌ രോഗവും സ്‌ത്രീകളില്‍ അണ്ഡാശയത്തില്‍ പഴുപ്പും ഉണ്ടാകാനിടയുണ്ട്‌. ഇതു മൂലം വന്ധ്യതയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്‌. ഹോമിയോ ചികിത്സ മുണ്ടി നീരിനു ഹോമിയോപ്പതിയില്‍ വളരെ ഫലപ്രദമായ ചികിത്സ ഉണ്ടെന്നുമാത്രമല്ല വളരെ കുറഞ്ഞ ദിവസത്തിനുള്ളില്‍ രോഗിക്കു പൂര്‍ണ സുഖം കൈവരുന്നതിനൊപ്പം യാതൊരു ദൂഷ്യഫലങ്ങളും ഉണ്ടാകുന്നുമില്ല. ഹോമിയോ ചികിത്സ സമ്പ്രദായത്തിന്റെ കാതലായ തത്വമനുസരിച്ച്‌ രോഗത്തെയല്ല, മറിച്ചു രോഗിയെ ആണ്‌ ചികിത്സിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ മുണ്ടി നീരു എന്ന രോഗത്തെയല്ല, അതു ബാധിച്ച മനുഷ്യനെയാണ്‌ ചികിത്സിക്കുന്നത്‌. ഇതിനായി ഓരോ രോഗിയെയുംപ്രത്യേകമായി മനസിലാക്കി രോഗിയുടെ ശാരീരിക മാനസിക രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കി ഒരു മരുന്നു തിരഞ്ഞെടുക്കുകയാണ്‌. ബ്രൈറ്റാ കാര്‍ബ്‌, ബെല്‍ഡോണ, മെര്‍ക്ക്‌ സോള്‍, കാര്‍ബോ വെജ്‌, പള്‍സാറ്റില തുടങ്ങിയ മരുന്നുകളാണ്‌ മുണ്ടി നീരിന്‌ പ്രധാനമായി ഉപയോഗിക്കുന്നത്‌. എന്നാല്‍ രോഗികളുടെ ശാരീരിക മാനസിക രോഗലക്ഷണങ്ങളും രോഗാവസ്ഥയുടെ വ്യത്യാസമനുസരിച്ചും മരുന്നുകള്‍ക്ക്‌ വ്യത്യാസം വരാം. ശാരീരിക മാനസിക രോഗലക്ഷണങ്ങളെ ചികഞ്ഞു നോക്കുമ്പോള്‍ ഇടതുവശത്തു തുടങ്ങുന്ന മുണ്ടി നീരിന്‌ ബ്രോമിയം ലാക്കസിസ്‌, റക്‌സ്‌ ടോക്‌സ്‌, എന്നീ മരുന്നുകള്‍ ഫലപ്രദമാണ്‌. അതുപോലെ വലതുവശത്തു തുടങ്ങുന്ന മുണ്ടിനീരിന്‌ മെര്‍ക്ക്‌ സോള്‍ ലൈക്കോപോഡിയം എന്നീ മരുന്നുകളും ലക്ഷണയുക്തമായി തിരഞ്ഞെടുക്കാം. ചികിത്സ രോഗിയെ അറിഞ്ഞ്‌ ഹോമിയോപ്പതിയില്‍ മുണ്ടിനീരിന്‌ ഒരു പ്രത്യേക മരുന്ന്‌ എന്ന സങ്കല്‌പ്പമില്ല. രോഗിയുടെ ശാരീരിക-മാനസിക രോഗലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുക്കുന്ന ഒരു മരുന്ന്‌ അതിന്റെ കൃത്യമായ ആവര്‍ത്തനത്തിലും രോഗത്തിന്റെ കാഠിന്യം കണക്കാക്കി തരുന്ന അളവിലും രോഗി കഴിക്കേണ്ടതുണ്ട്‌. ഒരു ഹോമിയോ ഡോക്ടറുടെ പൂര്‍ണ ഉത്തരവാദിത്വത്തിലൂടെ മാത്രമേ ഹോമിയോ മരുന്നു കഴിക്കാവൂ. ഒരിക്കല്‍ രോഗം വന്നു കഴിഞ്ഞാല്‍ ജീവിതാന്ത്യം വരെ പ്രതിരോധശക്തി ശരീരത്തില്‍ നിലനില്‍ക്കുന്നതിനാല്‍ മുണ്ടിനീരു വീണ്ടും വരാറില്ല. രോഗാരംഭത്തില്‍ തന്നെ ശരിയായ ഹോമിയോ ഔഷധ സേവയിലൂടെ രോഗശാന്തി കൈവരുത്താം. മുണ്ടിനീരിനു വളരെ ഫലപ്രദമായ ഔഷധങ്ങള്‍ ഹോമിയോപ്പതിയിലുണ്ടെന്ന്‌ മാത്രമല്ല, രോഗപ്രതിരോധ ഔഷധവും ഹോമിയോപതിയിലുണ്ട്‌. ഒരു പ്രദേശത്തു പെട്ടെന്ന്‌ രോഗബാധ ഉണ്ടായി കാണുമ്പോള്‍ പ്രതിരോധ ഔഷധമായി പരോറ്റിഡിനം, പൈലോ കാര്‍പ്പസ്‌, എന്നീ മരുന്നുകള്‍ ഉപയോഗിച്ചു വരുന്നു. ഈ മരുന്നുകളുടെ ഉപയോഗം രോഗം വരാതെ തടയുന്നതിനാല്‍ രോഗം നിയന്ത്രണവിധേയമാക്കാനും പകര്‍ച്ചവ്യാധി തടയാനും സഹായിക്കുന്നു ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ രോഗിക്ക്‌ വായ തുറന്ന്‌ ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ദ്രവ രൂപത്തിലുള്ള ആഹാരം കൊടുക്കുക. തൊണ്ട വരള്‍ച്ച അനുഭവപ്പെടുന്നതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളമോ, കരിക്കിന്‍ വെള്ളമോ, ഗ്ലൂക്കോസ്‌ കലര്‍ത്തിയ വെള്ളമോ ഇടവിട്ട്‌ കൊടുത്തുകൊണ്ടിരിക്കണം. രോഗം വളരെ പെട്ടെന്ന്‌ പടര്‍ന്നു പിടിക്കാതിരിക്കാന്‍ രോഗിയുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക. രോഗിയെ മറ്റുള്ളവരില്‍ നിന്നും മാറ്റിപാര്‍പ്പിക്കുകയാണ്‌ ഉചിതം. രോഗിക്ക്‌ പരിപൂര്‍ണ വിശ്രമം അനിവാര്യമാണ്‌. ഉമിനീരിലൂടെയാണ്‌ രോഗാണുക്കള്‍ മറ്റുള്ളവരിലേക്കും പകരുക എന്നതിനാല്‍ രോഗി ഉപയോഗിച്ച ടവ്വല്‍, പാത്രം മുതലായവ പ്രത്യേകം കൈകാര്യം ചെയ്യണം. രോഗി ഉപയോഗിച്ച മുറി അണുനാശിനി ഉപയോഗിച്ചു വൃത്തിയാക്കുകയും വീടൂം പരിസരവും ശുചിയായി സൂക്ഷിക്കുകയും വേണം. രോഗം മാറി കഴിഞ്ഞാലും ഉമിനീരില്‍ രോഗാണുക്കള്‍ എട്ടു ദിവസത്തോളം കാണുമെന്നതിനാല്‍ രോഗം മാറിയാല്‍ ഉടനെ തന്നെ കുട്ടികളെ സ്‌കൂളിലേക്കു വിടാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

No comments:

Post a Comment