Blog Archive
Malayalam Blog Directory
http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs
About Me
Monday, 22 December 2014
എലിപ്പനി പേടിക്കേണ്ട തുടക്കത്തിലേ ചികിത്സിച്ചാല് ........
Dr. T.SUGATHAN B.H.M.S, P.G.C.R
• പരിശോധനയിലൂടെ രോഗം എലിപ്പനിയാണെന്ന് നിശ്ചയിക്കുക
• സമയം കളയാതെ, തുടക്കത്തിലെ ചികിത്സിക്കുക.
മഴയൊടൊപ്പം കേരളത്തില് കടന്നു വരുന്ന പനികളില് മുഖ്യ ഭീഷണിയായിട്ടുള്ളത് എലിപ്പനിയാണ്. ജപ്പാന് ചതുപ്പ് പനി, പകരുന്ന മഞ്ഞപ്പനി, ലെപ്റ്റോ സ്പൈറോസിസ്, വീല്സ് രോഗം എന്നിങ്ങനെ പല പേരുകളില് ഇതറിയപ്പെടുന്നുണ്ട്.
• രോഗം പടരുന്നത് ഇങ്ങനെ
രോഗം പരത്തുന്നതിന് കാരണം സ്പൈറോക്കീറ്റ, ലെപ്റ്റോ സ്പൈറ എന്നയിനം ബാക്ടീരിയയാണ്. ഇവ തന്നെ മൂന്ന് തരമുണ്ട്. ഇവയില് ഏറെയും ഭീകരന് ലെപ്റ്റോ സ്പൈറ ഇക്ടറോ ഹെമറേജിക്ക എന്ന ഇനമാണ് എലിപ്പനിക്കു കാരണം. നഗ്ന നേത്രങ്ങള് കൊണ്ട് കാണാന് കഴിയാത്തതും സ്പ്രിംഗിന്റെ ആകൃതിയിലുള്ളതുമായ ഈ ബാക്ടീരിയ എലികളുടെ ശരീരത്തില് പെറ്റു പെരുകി അവയുടെ മൂത്രത്തിലൂടെ പുറത്തു വരുന്നു. എലികളാണ് ഈ രോഗാണു വാഹകര് എന്നതുകൊണ്ടാണ് എലിപ്പനി എന്ന് വിളിക്കപ്പെടുന്നത്. എങ്കിലും പട്ടി, പൂച്ച,, പുരയെലി, നച്ചെലി എന്നിവയുടെ മൂത്രം മലിനമാക്കുന്ന പദാര്ത്ഥങ്ങളിലൂടെ ഈ രോഗാണു ത്വക്കിലൂടെയോ ഭക്ഷണ പദാര്ത്ഥങ്ങളിലൂടെയോ മനുഷ്യശരീരത്തിലെത്താം. കണ്ണ്, മൂക്ക, ചെവി, തുടങ്ങിയ തൊലിക്കു കട്ടി കുറഞ്ഞ ഭാഗങ്ങള്, ചെറിയ മുറിവോ, പോറലോ വഴിയും ഇവ ശരീരത്തിലെത്തുന്നു. എലിയുടെ മൂത്രം സ്പര്ശിക്കുകയോ ഇത് കലര്ന്നിട്ടുള്ള വെള്ളത്തില് കുളിക്കുകയോ, കുടിക്കുകയോ ചെയ്താലും രോഗം പിടിപെടുന്നു.ത്വക്കിലൂടെ ഉള്ളിലെത്തുന്ന രോഗാണു രക്തത്തിലൂടെ കരളിലും വൃക്കകളിലും താമസമാക്കി പെറ്റു പെരുകുന്നു. അതിനാല് തന്നെ മനുഷ്യ ശരീരത്തില് ഈ ബാക്ടീരിയയുടെ ആക്രമണം കരള്, വൃക്ക, തലച്ചോര്, മുതലായ ഭാഗങ്ങളിലാണ്. സാധാരണയായി ബാക്ടീരിയ ശരീരത്തിലെത്തി രോഗലക്ഷണങ്ങള് പ്രത്യക്ഷപ്പെടാനുള്ള സമയ ദൈര്ഘ്യം 10 ദിവസമാണ്. എങ്കിലും നാലു മുതല് 21 ദിവസം വരെ കാലവിളംബം അനുഭവപ്പെടാനും സാധ്യതയുണ്ട്.
• പനിയും പേശിവേദനയും
രോഗത്തിന്റെ ആരംഭനാളില് 104 ഡിഗ്രി മുതല് 106 ഡിഗ്രി ഫാരന് ഹീറ്റ് വരെ ശക്തിയായ പനിയുണ്ടാകുന്നു. അതോടൊപ്പം രോഗിക്കു വല്ലാതെ കുളിരു അനുഭവപ്പടും. തുടര്ന്നുള്ള ദിവസങ്ങളില് പനി കൂടുകയോ, അല്പാല്പം കുറയുകയോ ചെയ്യും. ശക്തമായ പനിയോടൊപ്പം കഠിനമായ തലവേദന, കൈകാലുകള് പേശി എന്നിവയുടെ വേദന, ക്ഷീണം, കണ്ണുകള് ചുവന്നു കലങ്ങുക, കണ്ണില് വേദന തുടങ്ങിയവയും അനുഭവപ്പെടുക. ഒരാഴ്ചയോളം ഈ രോഗലക്ഷണങ്ങള് നിലനില്ക്കും. തുടര്ന്നുള്ള ദിവസങ്ങളില് നേരത്തെ രോഗലക്ഷണത്തോടൊപ്പം ഛര്ദ്ദി, വയറു കടി, മൂത്രത്തില് കൂടി രക്തം വരിക എന്നിവയും സംഭവിക്കുന്നു. രോഗം ഗുരുതരമാകുന്ന സ്ഥിതിയില് കരള് വീക്കം, വൃക്കകള് സ്തംഭിക്കുക, മൂത്രം കെട്ടി നിന്നു ശരീരം മുഴുവന് നീരു വരിക എന്നിവയുണ്ടാകും. ഒരാഴ്ചയ്ക്കുള്ളില് മഞ്ഞപ്പിത്തത്തിന്റെ പരിപൂര്ണ്ണ ലക്ഷണങ്ങള് രോഗി കാട്ടി തുടങ്ങുകയും താമസിയാതെ മരണമടയുകയും ചെയ്യും.അതികലശലും, നിയന്ത്രണാതീതവുമായ മഞ്ഞപ്പിത്ത ലക്ഷണങ്ങള്, അതികഠിനമായ അവശത, പിച്ചും പേയും പറയുക, അബോധാവസ്ഥ ഇവയും അപായ സൂചനകളാണ്. ഹൃദയം സ്തംഭിച്ച് പെട്ടെന്ന് മരണം സംഭവിക്കുകയുമാണ് ചെയ്യുക.
• തുടക്കത്തില് തന്നെ ചികിത്സിക്കണം
രോഗിയുടെ മൂത്രം, രക്തം, മുതലായവ പരിശോധിച്ചു രോഗ നിര്ണ്ണയം നടത്തുകയും രോഗം എലിപ്പനിയാണെന്നു ഉറപ്പ് വരുത്തുകയും, രോഗാരംഭത്തില് തന്നെ ശരിയായ ചികിത്സ നല്കുകയും ചെയ്താല് രോഗം നിയന്ത്രണ വിധേയമാക്കാവുന്നതാണ്. സാധാരണ നിലയ്ക്ക് മരണ നിരക്കു 90 ശതമാനം വരെ ഉയര്ന്നു പോകാന് സാദ്ധ്യതയുള്ള ഈ രോഗം നിയന്ത്രിക്കുന്നതോടൊപ്പം പടര്ന്നു പിടിക്കാതിരിക്കാന് വേണ്ട മുന്കരുതല് എടുക്കേണ്ടതും അത്യാവശ്യമാണ്. സ്വയം ചികിത്സയേക്കാള് നല്ലത് ഒരു ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തുകയും മാര്ഗ നിര്ദ്ദേശങ്ങള് സ്വീകരിക്കുകയും ചെയ്യുക.
• ശുചിത്വം പാലിക്കണം
രോഗപ്രതിരോധമായി നമുക്കു ചെയ്യാന് കഴിയുന്നത് എലികളെ നശിപ്പിക്കുകയാണ്. കൂടാതെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുക. മലിന ജലം കെട്ടി നില്ക്കാന് ഇടവരുത്താതിരിക്കുക. ചപ്പു ചവറുകള് കൂട്ടിയിടാതിരിക്കുക, സ്വയം ശുചിത്വം പാലിക്കുക, ആഹാരപദാര്ത്ഥങ്ങള് തുറന്നു വെയ്ക്കാതിരിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. റോഡു വക്കിലം ഈച്ചയില് പൊതിഞ്ഞ ആഹാരപദാര്ത്ഥങ്ങള് വാങ്ങി കഴിക്കാതിരിക്കുക. ആഹാരത്തിന് മുമ്പ് കൈകള് സോപ്പു ഉപയോഗിച്ച് കഴുകുക. കുളങ്ങളിലും വെള്ളം കെട്ടി നില്ക്കുന്ന ഇടങ്ങളിലും കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യാതിരിക്കുക. കൈകാലുകളില് മുറിവോ പോറലോ ഉണ്ടെങ്കില് മലിന ജലത്തിലെ സമ്പര്ക്കം ഒഴിവാക്കുക. –
ഡോ : ടി. സുഗതൻ B.H.M.S,P.G.C.R
S H ഹോമിയോ സ്പെഷ്യലിറ്റി ക്ലിനിക്
opp : ഗവ ആയുർവേദ ആശുപത്രി
വർക്കല, തിരുവനന്തപുരം
ഫോൺ : 9544606151
Subscribe to:
Post Comments (Atom)

No comments:
Post a Comment